നിവാർ ചുഴലിക്കാറ്റ് ഇന്ന് തമിഴ് നാട് തീരം തൊടും : കനത്ത ജാഗ്രത നിർദ്ദേശം

0
62

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ അതി തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും. ചെന്നൈയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്, നഗരത്തില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.

 

ചെന്നൈ ഉള്‍പ്പെടെ തമിഴ്നാട്ടിലെ ഏഴ് ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. പുതുച്ചേരി,ആന്ധ്ര തീരങ്ങളിലും അതീവ ജാഗ്രത തുടരുന്നു.

 

കാരയ്ക്കലില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ഒന്‍പത് ബോട്ടുകള്‍ ഇതുവരെ കണ്ടെത്താനാവാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് നേരത്തെ വിലക്കിയിരുന്നു.ചൊവ്വാഴ്ചയാണ് ഈ ബോട്ടുകള്‍ കടലിലേക്ക് പോയത്. കാരയ്ക്കലില്‍ നിന്നും പോയ 23 ബോട്ടുകളില്‍ ഈ ഒന്‍പതെണ്ണത്തെ മാത്രം ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ഒന്‍പത് ബോട്ടുകളിലായി അന്‍പതിലേറെ മത്സ്യത്തൊഴിലാളികളാണ് കടലിലേക്ക് പോയതെന്നാണ് വിവരം.

 

നിരവധി ട്രെയിന്‍ – വിമാന സര്‍വീസുകള്‍ റദ്ദാക്കി. തമിഴ്നാട്ടില്‍ ഇന്ന് പൊതു അവധി നല്‍കിയിരിക്കുയാണ്. പുതുച്ചേരിയില്‍ നാളെ വരെ നിരോധനാജ്ഞയാണ്. തീര മേഖലകളില്‍ നിന്ന് പരമാവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേന, നേവി, കോസ്റ്റ് ഗാര്‍ഡ് സേനാംഗങ്ങളേയും ദുരന്ത സാധ്യത മേഖലകളില്‍ വിന്യസിച്ചു. ആശങ്ക വേണ്ടെന്നും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

 

വടക്കന്‍ തമിഴ്നാട്ടിലെ കടലോര ജില്ലകളില്‍ ക്യാമ്ബുകള്‍ തുറന്നു. തീരമേഖലയില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചു. ഭക്ഷണവും കുടിവെള്ളവും ഉറപ്പ് വരുത്തിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയെ കൂടുതല്‍ അംഗങ്ങളെ തീരമേഖലയില്‍ വിന്യസിച്ചു. ജില്ലാ ഭരണകൂടത്തിന്‍്റെ നിര്‍ദേശങ്ങള്‍ ജനം കര്‍ശനമായി പാലിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

 

ചെന്നൈയില്‍ നിന്നുള്ള സബ്ബര്‍ബന്‍ സര്‍വ്വീസുകള്‍ ഉള്‍പ്പടെ 24 ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ തല്‍ക്കാലത്തേക്ക് റദ്ദാക്കി. ചെന്നൈ ചെങ്കല്‍ പ്പേട്ട് ഉള്‍പ്പടെ ഏഴ് ജില്ലകളില്‍ പൊതുഗതാഗതം വ്യാഴാഴ്ച വരെ നിര്‍ത്തിവച്ചു. ചെന്നൈ തുറമുഖം അടച്ചിട്ടു. പുതുച്ചേരിയില്‍ രണ്ട് ദിവസത്തേക്ക് 144 പ്രഖ്യാപിച്ചു. തമിഴ്നാട് പുതുച്ചേരി ആന്ധ്രാ മുഖ്യമന്ത്രിമാരെ ഫോണില്‍ വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതി വിലയിരുത്തി. ആവശ്യമായ കേന്ദ്ര സഹായം ഉറപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here