തന്റെ പുതിയ ചിത്രമായ ജയിലർ തിയേറ്ററുകളിൽ തകർത്തോടുമ്പോൾ ഹിമാലയത്തിൽ ആത്മീയയാത്രയിലാണ് രജനികാന്ത്. ജയിലർ റിലീസിനോടനുബന്ധിച്ച് താരം യാത്രയ്ക്കുപോയത് വാർത്തയായിരുന്നു. എന്നാലിപ്പോൾ ഇഷ്ടതാരത്തെ കാണാൻ ചെന്നൈയിൽ നിന്ന് ഉത്തരാഖണ്ഡ് വരെ കാൽനടയായി ഒരാരാധകൻ എത്തിയും ഇദ്ദേഹത്തെ രജനികാന്ത് സഹായിച്ചതുമാണ് ശ്രദ്ധ നേടുന്നത്.
ഉത്തരാഖണ്ഡിലെ ബാബ്ജി ഗുഹയ്ക്കടുത്തുവെച്ചാണ് ആരാധകനും സൂപ്പർതാരവും കണ്ടുമുട്ടിയത്. ഇവിടത്തെ പ്രാർത്ഥനയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോളാണ് ആരാധകനെ രജനികാന്ത് കണ്ടത്. ഏതാണ്ട് 55 ദിവസമെടുത്താണ് ഇയാൾ ചെന്നൈയിൽ നിന്ന് താരത്തെ കാണാൻ ഉത്തരാഖണ്ഡിലെത്തിയത്. തണുത്ത കാലാവസ്ഥയിൽ മരച്ചുവട്ടിലാണ് ആ ചെറുപ്പക്കാരൻ കിടന്നിരുന്നതെന്ന് അറിഞ്ഞപ്പോൾ ഒരു സന്യാസിക്കൊപ്പം യുവാവിനെ പറഞ്ഞയയ്ക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തു.
ആത്മീയയാത്രയുടെ ഭാഗമായി റിഷികേശ്, ബദ്രിനാഥ്, ദ്വാരക, ബാബ്ജി ഗുഹ എന്നിവിടങ്ങളിൽ യാത്രയിലാണ് രജനികാന്ത്. ആത്മീയ ഗുരുക്കന്മാരുടെ അനുഗ്രഹം തേടി സ്വാമി ദയാനന്ദ സരസ്വതി ആശ്രമത്തിലേക്കായിരുന്നു രജനി ആദ്യം എത്തിയത്. ഇവിടെ നിന്ന് ബദ്രിനാഥ് ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തിന് ഹൃദയംഗമമായ സ്വീകരണമാണ് ലഭിച്ചത്. ബദ്രിനാഥ്-കേദാർനാഥ് ക്ഷേത്ര അധികൃതർ ചേർന്ന് രജനിയെ സ്വീകരിച്ചു. തുടർന്ന് വ്യാസ ഗുഹയും അവിടെ നിന്ന് മഹാവതാർ ബാബ്ജി ഗുഹയും രജനികാന്ത് സന്ദർശിച്ചു. താരത്തിന്റെ ബാബ്ജി ഗുഹാ സന്ദർശനത്തിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
അതേസമയം രജനികാന്ത് നായകനായ ജയിലറിന് തിയേറ്ററുകളിൽ നിന്ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. അഞ്ച് ദിവസംകൊണ്ട് 350 കോടിയാണ് ചിത്രം ആഗോളതലത്തിൽ നേടിയത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, ശിവരാജ്കുമാർ, വിനായകൻ, വസന്ത് രവി, ജാക്കി ഷ്റോഫ്, സുനിൽ, തമന്ന, രമ്യാകൃഷ്ണൻ, മിർണ മേനോൻ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രത്തിന്റെ നിർമാണം.