മുസ്ലീങ്ങൾ വിഭജന കാലത്ത് നാടുവിട്ട ഗ്രാമത്തിലെ പള്ളിയുടെ സംരക്ഷണം ഹിന്ദുക്കൾക്കും സിഖുകാർക്കും

0
56

സാമുദായിക സൗഹാര്‍ദത്തിന്റെ പ്രതീകമായി മാറിയ ഒരു മുസ്ലീം പള്ളിയാണ് ലുധിയാനയിലെ ഹെഡോണ്‍ ബെറ്റ് ഗ്രാമത്തിലെ (hedon bet village) നൂറ്റാണ്ടുകള്‍ പഴക്കമുള്ള മസ്ജിദ് (mosque). ഈ പള്ളി പരിപാലിക്കുന്നത് ഹിന്ദുക്കളും (hindu) സിഖുകാരുമാണ് (sikhs). വിഭജനത്തിനു ശേഷം ഇസ്ലാം വിശ്വാസികൾ  ഈ ഗ്രാമത്തില്‍ താമസിച്ചിട്ടില്ല. എന്നിട്ടും പള്ളിയില്‍ എല്ലാ ദിവസവും പ്രാര്‍ത്ഥനകൾ നടത്തുകയും വൈകുന്നേരങ്ങളിൽ വിളക്ക് തെളിയിക്കുകയും ചെയ്യുന്നു.

പതിറ്റാണ്ടുകളായി ഗ്രാമത്തിലെ സിഖ്, ഹിന്ദു നിവാസികളാണ് ഇത് ചെയ്യുന്നത്. പവിത്രത നിറഞ്ഞ സ്ഥലമായാണ് ഇവര്‍ ഈ പള്ളിയെ കാണുന്നത്. വര്‍ഷങ്ങളോളം ഈ ആരാധനാലയം പരിപാലിച്ചിരുന്നത് ഒരു സൂഫി സന്യാസിയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് 2009ല്‍ 56കാരനായ പ്രേം ചന്ദ് എന്നയാള്‍ പള്ളിയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുകയായിരുന്നു.

പ്രേം ചന്ദ് ദിവസത്തില്‍ രണ്ട് തവണ പള്ളിയില്‍ പോകാറുണ്ട്. മസ്ജിദിന്റെ പരിസരം വൃത്തിയാക്കുകയും പ്രാര്‍ത്ഥനകള്‍ ചൊല്ലുകയും വൈകുന്നേരം മുടങ്ങാതെ വിളക്ക് കത്തിക്കുകയും ചെയ്യാറുണ്ട്. ” ഇവിടെ വന്ന് സൂഫി സന്യാസി പഠിപ്പിച്ച ഏതാനും വാചകങ്ങള്‍ ചൊല്ലാതെ എനിക്ക് സമാധാനം കിട്ടില്ല. എന്റെ ആരോഗ്യം മോശമാണെങ്കിലും ഈ പുണ്യസ്ഥലത്തിലുള്ള എന്റെ വിശ്വാസമാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്,” അദ്ദേഹം പറഞ്ഞു.

‘എനിക്ക് ഉറുദു വായിക്കാനോ എഴുതാനോ അറിയില്ല. ഖുര്‍ആനിലെ ഒന്നുംതന്നെ അറിയില്ല. എന്നാല്‍ സൂഫി മരിക്കുന്നതിന് മുമ്പ്, ഖുര്‍ആനില്‍ നിന്നുള്ള ചില വാക്യങ്ങള്‍ എന്നെ പഠിപ്പിച്ചിരുന്നു. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും മസ്ജിദില്‍ ഞാന്‍ ഇത് ഉച്ചത്തില്‍ പാരായണം ചെയ്യാറുണ്ട്. ഇതൊരു ആരാധനാലയമാണ്, ഈ കടമ നിര്‍വഹിക്കുന്നതില്‍ ഞാന്‍ അനുഗ്രഹീതനാണ്, ” സിംഗ് പറഞ്ഞു. എല്ലാ വര്‍ഷവും മെയ് മാസത്തില്‍ ഗ്രാമത്തിലെ മുഴുവന്‍ ആളുകള്‍ക്കും പലഹാരങ്ങള്‍ വിതരണം ചെയ്യുന്ന ഒരു ചടങ്ങും പള്ളിയില്‍ സംഘടിപ്പിക്കാറുണ്ട്. വിഭജന കാലത്ത് നാടുവിട്ട മുസ്ലീം കുടുംബങ്ങളുടെ സ്മരണയ്ക്കായാണ് ഇത് നടത്തുന്നത്.

” അമ്പതോളം മുസ്ലീം കുടുംബങ്ങള്‍ ഇവിടെ താമസിച്ചിരുന്നു. അവര്‍ എല്ലാ ദിവസവും നമസ്‌കരിക്കാൻ പള്ളിയിൽ എത്തിയിരുന്നു. ഇപ്പോള്‍ ഗ്രാമത്തില്‍ ഒരു മുസ്ലീം കുടുംബം പോലും അവശേഷിക്കുന്നില്ലെങ്കിലും അവരുടെ ആരാധനാലയം പരിപാലിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ഗ്രാമവാസിയായ അംറിക് സിംഗ് പറയുന്നു.

” നമുക്ക് എങ്ങനെ ഈ ആരാധനാലയം പരിപാലിക്കാതിരിക്കാനാകും? ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു ഗുരുദ്വാരയും ഒരു ക്ഷേത്രവുമുണ്ട്, എന്നാല്‍ ഈ പള്ളിയും ഞങ്ങള്‍ക്ക് ഒരുപോലെ പ്രധാനപ്പെട്ടതാണ്. എല്ലാ മതങ്ങളെയും ബന്ധിപ്പിക്കുന്ന ആ ഒരേയൊരു ദൈവത്തിന് ഞങ്ങള്‍ ഞങ്ങളുടെ സേവനം അര്‍പ്പിക്കുകയാണ്, ” ഗ്രാമവാസിയായ ഗുര്‍പാല്‍ സിംഗ് പറഞ്ഞു. 1947-ലാണ് ഗുര്‍പാല്‍ സിയാല്‍കോട്ടില്‍ നിന്ന് ഇവിടെയെത്തിയത്.

1920ലാണ് മസ്ജിദ് പണികഴിപ്പിച്ചത്. അതിനാല്‍ പുരാവസ്തു പ്രാധാന്യമുള്ള സ്ഥലമാണിതെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമത്തിലുള്ളവര്‍ മസ്ജിദ് സംരക്ഷിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും സര്‍ക്കാരും അതിന് മുന്‍കൈയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here