ഇന്ന് ഇന്ത്യന്‍ രൂപയുടെ ജന്മദിനം. 2010 ജൂലൈ 15നാണ് കേന്ദ്ര സര്‍ക്കാര്‍ രൂപയുടെ ചിഹ്നം പ്രഖ്യാപിച്ചത്. തമിഴ്‌നാട് സ്വദേശിയായ ഡി.ഉദയകുമാറാണ് ചിഹ്നം രൂപകല്‍പന ചെയ്തത്. നാണയങ്ങള്‍ ആദ്യം നിലവില്‍ വന്ന രാജ്യങ്ങള്‍ക്കൊപ്പമാണ് ചരിത്രത്തില്‍ ഇന്ത്യയുടെ സ്ഥാനം.
1540നും 1545നുമിടയില്‍ ഷേര്‍ഷാ സൂരിയുടെ ഭരണകാലത്ത് നാണയത്തിന് പേര് ‘റൂപയാ’ എന്നായിരുന്നു. പക്ഷേ അതിന് പ്രത്യേക ചിഹ്നമുണ്ടായിരുന്നില്ല. നാട്ടുരാജക്കന്മാരുടെ ലോഹ നിര്‍മ്മിത നാണയങ്ങളില്‍ നിന്ന് മാറി ഏകീകൃത കറന്‍സിയായി ഇന്ത്യന്‍ രൂപ നിലവില്‍ വന്നപ്പോഴും ഒരു ചിഹ്നം ഉണ്ടായിരുന്നില്ല. കാലക്രമേണ പല ലോക രാഷ്ട്രങ്ങളും അവരുടെ കറന്‍സിയെ പ്രതിനിധീകരിക്കാന്‍ കൃത്യമായ ചിഹ്നങ്ങള്‍ ഉപയോഗിച്ച് തുടങ്ങി. എന്നാൽ, രൂപയുടെ വ്യക്തിത്വം സ്ഥാപിച്ചെടുക്കാന്‍ ചിഹ്നമെന്ന ചിന്തയിലേക്ക് ഇന്ത്യ വളരെ വൈകിയാണ് എത്തിയത്. കറന്‍സിക്ക് രൂപയെന്ന് പേരിട്ട മറ്റ് രാജ്യങ്ങളുണ്ടെന്നതും ചിഹ്നം വേണമെന്ന ആവശ്യത്തിന് ശക്തിയേറി.
2009 മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ ചിഹ്നത്തിന്‍റെ മാതൃകകള്‍ ക്ഷണിച്ചു. ഇതിനായി ഒരു മത്സരവും സംഘടിപ്പിച്ചു. ആയിരക്കണക്കിന് മാതൃകകള്‍ വന്നു. അവസാന റൌണ്ടിലെത്തിയത് അഞ്ചെണ്ണമായിരുന്നു. 2010 ജൂലൈ 15 ന് ചേര്‍ന്ന കേന്ദ്ര മന്ത്രി സഭയോഗം തമിഴ്നാട് സ്വദേശി ഡി.ഉദയകുമാര്‍ രൂപകല്‍പ്പന ചെയ്ത ചിഹ്നം ഔദ്യോഗികമായി തെരഞ്ഞെടുത്തു. ദേവനാഗരി ലിപിയും ലാറ്റിനും ചേര്‍ന്നതാണ് ഇന്ത്യന്‍ രൂപയുടെ ചിഹ്നം. 2011 ജൂലൈയില്‍ ഈ ചിഹ്നം ആലേഖനം ചെയ്ത ആദ്യത്തെ നാണയം ഇന്ത്യ ഇറക്കുകയും ചെയ്തു.