മൂന്നാര്‍: പെട്ടിമുടി ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവര്‍ക്ക് കമ്പനി നല്‍കിയത് താമസയോഗ്യമല്ലാത്ത ലായങ്ങളാണെന്ന് പരാതി. മൂന്ന് കുടുംബങ്ങളിലെ 12 പേരടങ്ങുന്ന സംഘമാണ് ഒറ്റമുറി വീട്ടിനുള്ളില്‍ താമസിക്കുന്നത്.
പെട്ടിമുടി ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് കമ്പനി അധികൃതർ കെട്ടിടം അനുവദിച്ചിട്ടുണ്ടെങ്കിലും ഇവ വളരെ ശോചനീയമായ അവസ്ഥയിലാണുള്ളതെന്ന് ഇവർ പറയുന്നു. പൊട്ടിപൊളിഞ്ഞുകിടക്കുന്ന കെട്ടിടത്തിന് ജനാലചില്ലുകള്‍ പോലുമില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടത്തില്‍ ജനാല ചില്ലുകള്‍ക്ക് പകരം പ്ലാസ്റ്റിക്ക് ഷീറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും കല്ലുകൾ അടര്‍ന്നു വീഴാറായ കെട്ടിടത്തില്‍ താമസിക്കുന്നത് മറ്റൊരു അപകടത്തിന് വഴിയൊരുക്കുമെന്ന് തൊഴിലാളികൾ ആശങ്ക പ്രകടിപ്പിക്കുന്നു.
തൊഴിലാളികളുടെ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടുമെന്ന് മന്ത്രിമാരടക്കം പറയുമ്പോഴും രക്ഷപ്പെട്ടവരുടെ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനോ അവരെ പുനരധിവസിപ്പിക്കപ്പെട്ട ലയങ്ങള്‍ നേരിയില്‍ കാണുന്നതിനോ എത്തിയിട്ടില്ലെന്നും തൊഴിലാളികൾ ആരോപിച്ചു.