വൈവിധ്യമാർന്ന സ്വത്വങ്ങളുണ്ടെങ്കിലും എല്ലാ ഇന്ത്യക്കാരും തുല്യ അവസരങ്ങളും അവകാശങ്ങളും കടമകളുമുള്ള പൗരന്മാരാണെന്നും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മനോഭാവത്തോടെ മുന്നോട്ട് പോകാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും രാഷ്ട്രപതി ദ്രൗപതി മുർമു. ഓരോ ഇന്ത്യക്കാരനും നിരവധി ഐഡന്റിറ്റികൾ ഉണ്ടെന്നും എന്നാൽ ജാതി, മതം, ഭാഷ, പ്രദേശം, കുടുംബം, തൊഴിൽ എന്നിവയ്ക്ക് പുറമെ, എല്ലാറ്റിനുമുപരിയായി ഇന്ത്യൻ പൗരനാണെന്നും എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു.
“നമ്മൾ ഓരോരുത്തരും തുല്യ പൗരന്മാരാണ്, ഈ ഭൂമിയിൽ നമുക്ക് ഓരോരുത്തർക്കും തുല്യ അവസരങ്ങളും തുല്യ അവകാശങ്ങളും തുല്യ കടമകളും ഉണ്ട്” അവർ പറഞ്ഞു. “എന്നാൽ എല്ലായ്‌പ്പോഴും അങ്ങനെയായിരുന്നില്ല. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്, പുരാതന കാലം മുതൽ നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങൾ താഴെത്തട്ടിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ നീണ്ട വർഷത്തെ കൊളോണിയൽ ഭരണം അവയെ തുടച്ചുനീക്കി. 1947 ഓഗസ്‌റ്റ് 15ന് രാഷ്ട്രം ഒരു പുതിയ പ്രഭാതത്തിലേക്ക് ഉണർന്നു. വിദേശ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം മാത്രമല്ല, നമ്മുടെ വിധി തിരുത്തിയെഴുതാനുള്ള സ്വാതന്ത്ര്യവും നമ്മൾ നേടി” അവർ ചൂണ്ടിക്കാട്ടി.
ഭരണഘടനയാണ് രാജ്യത്തിന്റെ മാർഗനിർദേശ രേഖയെന്ന് അടിവരയിട്ട് പറഞ്ഞ മുർമു അതിന്റെ ആമുഖത്തിൽ സ്വാതന്ത്ര്യ സമരത്തിന്റെ ആശയങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കി. “നമ്മുടെ രാഷ്ട്ര നിർമ്മാതാക്കളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ നമുക്ക് ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മനോഭാവത്തോടെ മുന്നോട്ട് പോകാം” രാഷ്ട്രപതി പറഞ്ഞു.
വനിതാ സ്വാതന്ത്ര്യ സമര സേനാനികളായ മാതംഗിനി ഹസ്ര, കനകലത ബറുവ, കസ്‌തൂർബാ ഗാന്ധി, സരോജിനി നായിഡു, അമ്മു സ്വാമിനാഥൻ, രമാദേവി, അരുണ ആസഫ് അലി, സുചേത കൃപലാനി എന്നിവരുടെ പങ്ക് അനുസ്‌മരിച്ചുകൊണ്ട്, രാജ്യത്തിന് വേണ്ടിയുള്ള എല്ലാ വികസനത്തിലും സേവനത്തിലും സ്ത്രീകൾ വിപുലമായ സംഭാവനകൾ നൽകുന്നുണ്ടെന്നും ഇത് രാജ്യത്തിന്റെ അഭിമാനം വർധിപ്പിക്കുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി.
“ഇന്ന് നമ്മുടെ സ്ത്രീകൾ അത്തരം നിരവധി മേഖലകളിൽ പ്രത്യേക സ്ഥാനം നേടിയിട്ടുണ്ട്, അതിൽ പലതിലും ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് അവരുടെ പങ്കാളിത്തം സങ്കൽപ്പിക്കാനാവാത്തതാണ്,” അവർ പറഞ്ഞു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് രാജ്യം പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്നും മുർമു പറഞ്ഞു.
“സാമ്പത്തിക ശാക്തീകരണം കുടുംബത്തിലും സമൂഹത്തിലും സ്ത്രീകളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നു. സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകാൻ ഞാൻ എല്ലാ സഹ പൗരന്മാരോടും അഭ്യർത്ഥിക്കുന്നു. നമ്മുടെ സഹോദരിമാരും പെൺമക്കളും വെല്ലുവിളികളെ ധൈര്യത്തോടെ അതിജീവിച്ച് ജീവിതത്തിൽ മുന്നോട്ട് പോകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സ്ത്രീകളുടെ ഉന്നമനം നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ ആദർശങ്ങളിൽ ഒന്നായിരുന്നു” അവർ ചൂണ്ടിക്കാട്ടി.