വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പിസി ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസിലാണ് പിസി ജോർജിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ തനിക്ക് ജാമ്യം നല്‍കണമെന്നും കസ്റ്റഡി ഇനി ആവശ്യമില്ലെന്നുമായിരുന്നു ഹർജിയിലൂടെ പിസി ജോർജ് കോടതിയില്‍ വാദിച്ചത്. കോടതി നിശ്ചിയിക്കുന്ന ഏത് ഉപാധിയും അംഗീകരിക്കാന്‍ തയ്യാറാണെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഇത്തരത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തുന്നത് സമൂഹത്തിന് മോശം സന്ദേശം നല്‍കുമെന്ന് വ്യക്തമാക്കിയ സർക്കാർ അഭിഭാഷകന്‍ പിസി ജോർജിന് ജാമ്യം നല്‍കുന്നതിനെ ശക്തമായ ഭാഷയില്‍ എതിർത്തിരുന്നു. സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന പ്രസംഗമാണ് അദ്ദേഹം നടത്തിയത്. ജാമ്യം അനുവദിച്ചാല്‍ പ്രതി കുറ്റം വീണ്ടും ആവർത്തിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.