77-ാം സ്വാതന്ത്ര്യ ദിനത്തിൽ മണിപ്പൂർ വിഷയം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണ്… സമാധാനത്തിലൂടെ മാത്രമേ പരിഹാരം കാണാനാകൂ. കേന്ദ്രവും സംസ്ഥാന സർക്കാരും പരിഹാരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ്. സംസ്ഥാനത്ത് അക്രമം നിലനിന്നിരുന്നു. അമ്മമാരുടെയും പെൺമക്കളുടെയും മാനത്തെ ചോദ്യം ചെയ്തിരുന്നു. എന്നാലിപ്പോൾ മണിപ്പൂരിൽ നിന്ന് വരുന്നത് സമാധാനത്തിന്റെ വാർത്തകളാണെന്നും മോദി പറഞ്ഞു. ചെങ്കോട്ടയിൽ നടത്തിയ തന്റെ തുടർച്ചയായ പത്താം സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് സംഭാവന നൽകിയ എല്ലാ ധീരഹൃദയർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും മോദി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ജനസംഖ്യയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യവുമാണ് ഇന്ത്യ. ഈ സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ ‘140 കോടി കുടുംബാംഗങ്ങൾക്ക്’ ആശംസകൾ നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള അദ്ദേഹത്തിന്റെ അവസാന പ്രസംഗമായതിനാല്‍ ഇത്തവണത്തെ സ്വാതന്ത്ര്യ ദിന പ്രസംഗം രാജ്യം ഉറ്റുനോക്കുന്നതായിരുന്നു. 2014 മുതല്‍, തന്റെ ഭരണത്തിന്‍ കീഴിലുള്ള ഇന്ത്യയുടെ യാത്രയെ അവലോകനം ചെയ്യാനും വരാനിരിക്കുന്ന വര്‍ഷങ്ങളിലേക്ക് വഴിയൊരുക്കാനും ഈ പ്ലാറ്റ്‌ഫോം മോദി മികച്ച രീതിയില്‍ ഉപയോഗിച്ചിരുന്നു. അതേസമയം സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ നേരിട്ട് ആക്രമിക്കുന്നതില്‍ നിന്ന് മോദി വിട്ടുനിന്നിരുന്നു. തന്റെ ഗവണ്‍മെന്റ് കൊണ്ടുവന്ന വലിയ പരിഷ്‌കരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം ഈ അവസരം സാധാരണയായി ഉപയോഗിച്ചിരുന്നത്.
അദ്ദേഹത്തിന്റെ മുന്‍ പ്രസംഗങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന ആഗോള പ്രാധാന്യമാണ്. രാജ്യത്തിന്റെ പുതുതായി കണ്ടെത്തിയ ഊര്‍ജവും വികസനവുമായി മുന്നോട്ട് പോകുന്നതിനുള്ള ദൃഢനിശ്ചയവും അദ്ദേഹം അടിവരയിട്ടു. സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആത്മവിശ്വാസവും അദ്ദേഹം പ്രസംഗത്തിലൂടെ പ്രകടമാക്കിയിരുന്നു.
2021-ൽ പ്രധാനമന്ത്രി ആരംഭിച്ച ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങൾക്കും ഇന്ന് സമാപനം കുറിച്ചു. ഈ വർഷം, സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള 1,800 ഓളം വിശിഷ്ടാതിഥികളെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത്. 20,000-ലധികം ഉദ്യോഗസ്ഥരും സാധാരണക്കാരും സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്തു.