വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ണംപറമ്ബ് വാര്‍ഡില്‍ ഉള്‍പ്പെടുന്ന പൊങ്ങിൻ ചുവട് ആദിവാസി കോളനിയിലെ കുളങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
ഉള്‍നാടൻ ജലാശയങ്ങളിലെ മത്സ്യ സമ്ബത്ത് വര്‍ദ്ധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ വാര്‍ഡിലെ മൂന്ന് പൊതു കുളങ്ങളിലായി 4500 മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരിക്കുന്നത്.
കാര്‍പ്പ് വിഭാഗത്തിലെ കട്ല, റോഹു, മൃഗാള്‍ എന്നീ ഇനങ്ങളില്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് പദ്ധതിയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. ഇവ ശരാശരി എട്ട് മുതല്‍ പത്ത് മാസംകൊണ്ട് ഏകദേശം ഒരു കിലോയോളം തൂക്കം വയ്ക്കുന്ന ഇനങ്ങളാണ്. കുളങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ പരിപാലനത്തിനായി പ്രാദേശികമായി ജനകീയ സമിതി രൂപീകരിച്ചിട്ടുണ്ട്. ഊരു മൂപ്പൻ ഉള്‍പ്പെടെ ഏഴ് അംഗങ്ങളാണ് സമിതിയിലുള്ളത്.
പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് നിര്‍വഹിച്ചു. വാര്‍ഡ് മെമ്ബര്‍ ശോഭന വിജയകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻ ബിജു പീറ്റര്‍, ഫിഷറീസ് പ്രൊമോട്ടര്‍ എല്‍ദോ മാത്യൂസ്, ഫിഷറീസ് കോഓഡിനേറ്റര്‍ ജയരാജ് രാജൻ , എസ്.ടി പ്രമോട്ടര്‍ റ്റി. സജി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.