ഹോട്ടലുകളില്‍ ഭക്ഷണം വിതരണം ചെയ്യാനും മറ്റും റോബോട്ടുകളെ ഉപയോഗിക്കുന്നത് മുമ്ബ് വാര്‍ത്തകളിലിടം നേടിയിട്ടുണ്ട്.
എന്നാല്‍ അടുത്തകാലത്ത് എഐ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യകളില്‍ വൻ തോതിലുള്ള മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോഴിതാ എഐ സാങ്കേതികവിദ്യയെ കൂട്ടുപിടിച്ച് റോബോട്ടുകളുമായി ചേര്‍ത്ത് കൃഷിയിടത്തില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടക്കുകയാണ്. ഗുണമേന്മയുള്ള പഴങ്ങള്‍ തിരഞ്ഞെടുത്ത് വിളവെടുപ്പ് നടത്താനുള്ള പുത്തന്‍ സാങ്കേതികവിദ്യ പരീക്ഷിച്ചിരിക്കുകയാണ് ഇസ്രയേലില്‍ നിന്നുള്ള ടെവെല്‍ എയ്റോബോട്ടിക്‌സ് ടെക്‌നോളജീസ് എന്ന സ്റ്റാര്‍ട്ട്‌അപ്പ്. മരങ്ങളില്‍ നിന്ന് പഴങ്ങള്‍ പാകം നോക്കി കൃത്യതയോടെ പറിച്ചെടുക്കുന്നതിനുള്ള എഐ റോബോട്ടുകളാണ് ഇവരുടെ കണ്ടുപിടിത്തം. ചിലിയില്‍ യൂണിഫ്രൂട്ടി എന്ന സ്ഥാപനത്തിന് വേണ്ടി പലതരത്തിലുള്ള ആപ്പിളുകള്‍ യന്ത്രങ്ങളുടെ സഹായത്തോടെ പറിച്ചെടുത്തു എന്നാണ് റിപ്പോര്‍ട്ട്. 2023 മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള കാലഘട്ടത്തിലാണ് ഇത് പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്തത്. ഉയര്‍ന്ന ഗുണമേന്മയുള്ള പഴങ്ങളാണ് ഇത്തരത്തില്‍ പറിച്ചെടുത്തത്.
പഴത്തിന്റെ ഗുണമേന്മ വിശകലനം ചെയ്ത ശേഷം ആവശ്യമുള്ളത് മാത്രം വിളവെടുക്കുക എന്നതാണ് ഈ റോബോട്ടിന്റെ പ്രവര്‍ത്തന രീതി. സ്വയം പറന്ന് ചെന്ന് വിളവെടുക്കാന്‍ കഴിയുന്ന ഈ റോബോട്ടുകള്‍ ഏറ്റവും നന്നായി പഴുത്ത ആപ്പിളുകളാണ് പറിച്ചെടുത്തത്. കൂടാതെ, ദിവസം 24 മണിക്കൂറും പ്രവര്‍ത്തിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. അതിനാല്‍, ഇത്തരം ജോലികള്‍ ചെയ്യുന്നതിന് വിരളമായിക്കൊണ്ടിരിക്കുന്ന മാനവവിഭവശേഷിക്ക് പകരമായി റോബോട്ടുകള്‍ വന്‍തോതില്‍ ഉപയോഗിക്കാന്‍ കഴിയും.
ആകെ വിളവെടുത്ത പഴങ്ങളുടെ അളവ്, ഭാരം, എത്രമാത്രം പഴുത്തു, എവിടെ നിന്ന് പറിച്ചെടുത്തു തുടങ്ങിയ വിവരങ്ങളും ഈ റോബോട്ടുകള്‍ ശേഖരിച്ച് രേഖപ്പെടുത്തും. വലിയ അളവിലുള്ള വിളവെടുക്കലിനായി ഈ റോബോട്ടുകളെ കൂടുതലയി പ്രയോജനപ്പെടുത്താന്‍ കഴിയും.
അതേസമയം, ചില പോരായ്മകളും ഈ റോബോട്ടുകള്‍ക്ക് കണ്ടെത്തിയിട്ടുണ്ട്. ആപ്പിള്‍ പോലുള്ള മരങ്ങളില്‍ നിന്ന് വിളവെടുക്കുമ്ബോള്‍ അവയുടെ ശിഖരങ്ങള്‍ തടസ്സം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ പകുതിയോളം വിളവെടുപ്പ് മാത്രമാണ് സാധ്യമാകുന്നത്. കൂടാതെ, പഴങ്ങള്‍ക്കുള്ളില്‍ പുഴുപോലുള്ള കീടബാധയുണ്ടോയെന്നത് തിരിച്ചറിയാനും ഈ റോബോട്ടുകള്‍ക്ക് വിഷമം നേരിട്ടു. ഇതും വിളയുടെ നല്ലൊരു ഭാഗം കവര്‍ന്നു. മികച്ച വിളവ് ലഭിക്കുന്നതിന് അവ കായ്ക്കുമ്ബോള്‍ തന്നെ അധികമായുള്ളത് നീക്കം ചെയ്യാറുണ്ട്. റോബോട്ടുകളെ ഉപയോഗിച്ച് ചെയ്തപ്പോള്‍ ഇക്കാര്യത്തിലും വിഷമം നേരിട്ടു. അതിനാല്‍, റോബോട്ടുകളോടൊപ്പം മനുഷ്യന്റെ അധ്വാനവും ഒഴിച്ചുകൂടാന്‍ കഴിയാത്തതാണെന്ന് മനസ്സിലാക്കാം.
റോബോട്ടുകളെ ഉപയോഗിച്ചുള്ള വിളവെടുപ്പില്‍ മനുഷ്യനുമായി താരതമ്യപ്പെടുത്തുമ്ബോള്‍ പത്തിരട്ടി വേഗതയില്‍ വിളവെടുക്കാന്‍ സാധിക്കും. വിളവെടുക്കുന്നതിനൊപ്പം വിവരശേഖരണവും വിശകലനവും കര്‍ഷകര്‍ക്ക് അത്യാവശ്യമുള്ള കാര്യമാണ്. ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ഇത്തരമൊരു റോബോട്ട് യുഎസിലെ കര്‍ഷകരെ വര്‍ഷങ്ങളായി സഹായിക്കുന്നുണ്ട്.
ഓരോ ദിവസവും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് അധിഷ്ഠിതമായ പുതിയ സാങ്കേതികവിദ്യകളാണ് ലോകത്ത് കണ്ടെത്തുന്നത്. ആരോഗ്യം, ബാങ്കിങ്, സാമ്ബത്തികം തുടങ്ങി സമസ്തമേഖലകളിലേക്കും ഓരോ ദിവസവും പുതിയ എഐ ടൂളുകളാണ് വികസിപ്പിച്ചെടുക്കുന്നത്.