താമരശേരിയിലെ വിദ്യാർഥി സംഘർഷം പരിക്കേറ്റ പത്താം ക്ലാസുകാരന് ദാരുണാന്ത്യം

0
52

കോഴിക്കോട് താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടൽ കലാശിച്ചത് പതിനാറുകാരൻ്റെ മരണത്തിൽ. സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്‍റെ മകന്‍ മുഹമ്മദ് ഷഹബാസാണ് ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്.

താമരശ്ശേരി വെഴുപ്പൂര്‍ റോഡിലെ ട്രിസ് ട്യൂഷന്‍ സെന്ററിനുസമീപം വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഘര്‍ഷം. പ്രദേശത്തെ ട്യൂഷൻ സെൻ്ററിൽ ഞായറാഴ്ചത്തെ യാത്രയയപ്പ്‌ പരിപാടിക്കിടെയുണ്ടായ തർക്കത്തിനുശേഷം സാമൂഹികമാധ്യമത്തിലൂടെ ഇരുവിഭാഗവും തമ്മിൽ പോരടിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് വ്യാഴാഴ്ച വൈകീട്ട് സംഘർഷം ഉണ്ടായത്.

തലയ്ക്ക് ക്ഷതമേറ്റ ഷഹബാസ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്. എസ്.എസിലെ അഞ്ച് പത്താംക്ലാസ് വിദ്യാര്‍ഥികളെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നഞ്ചക്കുപോലുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു മർദനമെന്നാണ് വിദ്യാർഥികൾ പോലീസിനെ അറിയിച്ചത്.

അതേസമയം, താമരശ്ശേരിയിലെ വിദ്യാർഥികൾകൂടാതെ പുറമേനിന്നുള്ള കണ്ടാലറിയാവുന്ന ചിലരും സംഘടിച്ചെത്തിയാണ് അക്രമം നടത്തിയതെന്നാണ് മുഹമ്മദ് ഷഹബാസിൻ്റെ ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.ഞായറാഴ്ച താമരശ്ശേരി വ്യാപാര ഭവനില്‍വെച്ച് ട്യൂഷന്‍ സെന്ററിലെ പത്താംക്ലാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് പരിപാടി നടത്തിയിരുന്നു.

ആഘോഷത്തില്‍ ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന എളേറ്റില്‍ എം.ജെ.എച്ച്. എസ്.എസിലെ കുട്ടികളുടെ നൃത്തം പാട്ടുനിന്നതിനെത്തുടര്‍ന്ന് തടസ്സപ്പെട്ടു. നൃത്തം തടസ്സപ്പെട്ടപ്പോള്‍ താമരശ്ശേരി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചില വിദ്യാര്‍ഥികള്‍ കൂവിവിളിച്ചു കളിയാക്കി. അത് നൃത്തസം ഘത്തിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച വൈകീട്ട് സംഘർഷം ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here