ഉദ്ഘാടനത്തിനൊരുങ്ങി കൊച്ചി വാട്ടർ മെട്രോ.

0
67

കൊച്ചി: ഉദ്ഘാടനത്തിനൊരുങ്ങി കൊച്ചി വാട്ടർ മെട്രോ. അന്തിമാനുമതി ലഭിച്ചാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച ജലമെട്രോ കമ്മീഷൻ ചെയ്യും. ഹൈക്കോടതി-ബോൾഗാട്ടി-വൈപ്പിൻ റൂട്ടിലാകും ആദ്യ സർവീസ്.

വാട്ടർ മെട്രോയുടെ ഉദ്ഘാടനത്തിന് മുന്നോടിയായുള്ള ട്രെയൽ റണ്ണുകൾ കൊച്ചി കായലിൽ തകൃതി. മെട്രോയ്ക്ക് സമാനമായ ആധുനിക സൗകര്യങ്ങളുള്ള ഒൻപത് ബോട്ടുകളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ശീതീകരിച്ച ബോട്ടിൽ 100 പേർക്ക് ഒരേ സമയം യാത്ര ചെയ്യാം. ഹൈക്കോടതി ജെട്ടിയിൽ നിന്ന് ബോൾഗാട്ടി, വൈപ്പിൻ ദ്വീപുകളെ ബന്ധിപ്പിച്ചാകും ആദ്യ സർവീസ്.

ജർമൻ വികസന ബാങ്കിൽ നിന്ന് വായ്പയെടുത്തുള്ള പദ്ധതിയ്ക്ക് ചെലവ് 747 കോടി രൂപയാണ്. ജല മെട്രോയിൽ സംസ്ഥാന സർക്കാരിന് 74 ശതമാനവും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് 26 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. ആദ്യഘട്ടം പൂർത്തിയാകുമ്പോൾ 38 ടെർമിനലുകളുമായി 76 കിലോ മീറ്റർ ദൂരത്തിൽ കൊച്ചിയെ വാട്ടർ മെട്രോ ബന്ധിപ്പിക്കും. വാട്ടർ മെട്രോ പ്രവർത്തന സജ്ജമായിട്ട്  ഒരു വ‍ർഷത്തോളമായി. പാരിസ്ഥിതിക അനുമതി വൈകുന്നതാണ് ഉദ്ഘാടനം നീളുന്നതിന് പിന്നിലെ കാരണം. പ്രധാനമന്ത്രി നേരിട്ടെത്തുന്ന സാഹചര്യത്തിൽ ഈ കടമ്പ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

LEAVE A REPLY

Please enter your comment!
Please enter your name here