എൻസിസി ഓഫീസർ ചമഞ്ഞ് 100 കിലോ മത്സ്യം ചോദിച്ചു; കോഴിക്കോട് മത്സ്യവ്യാപാരിക്ക് നഷ്ടമായത് 22,109 രൂപ.

0
66

കോഴിക്കോട്: എൻസിസി ഓഫീസർ ചമഞ്ഞ് മത്സ്യവ്യാപാരിയിൽ നിന്ന് പണം തട്ടിയതായി പരാതി. ഫറോക്ക് പഴയപാലത്തിനു സമീപത്ത് മത്സ്യക്കച്ചവടം ചെയ്യുന്ന കരുവൻതിരുത്തി സ്വദേശി പൊന്നേംപറമ്പത്ത് സിദ്ദീഖിന്റെ 22,109 രൂപയാണ് തട്ടിയത്. പണം നഷ്ടമായ സിദ്ദീഖ് ഫറോക്ക് പൊലീസ് സ്റ്റേഷനിലും ബാങ്കിലും പരാതി നൽകി. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം.

സിദ്ദീഖിന്റെ ഫോണിലേക്ക് ഹിന്ദി സംസാരിക്കുന്നയാൾ വിളിച്ച് എൻസിസി ക്യാംപിലേക്ക് 100 കിലോ മീൻ വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് സിദ്ദീഖ് മീനിന്റെ വില പറഞ്ഞുകൊടുത്തു. ഉടൻ അഡ്വാൻസ് 15,000 രൂപ മേലുദ്യോഗസ്ഥൻ അയക്കുമെന്നും ബാക്കി തുക മീൻ ലഭിക്കുന്ന മുറയ്ക്ക് തരുമെന്നും മീൻ എൻസിസി ഫറോക്ക് കോളേജ് ക്യാംപിലേക്കാണെന്നും പറഞ്ഞു.

എൻസിസി യൂണിഫോമിലുള്ള വീഡിയോകോൾ വരുകയും ലൊക്കേഷൻ അയച്ചുനൽകുകയും ചെയ്തു. തുടർന്ന് മീനിന്റെ അഡ്വാൻസ് പണം അയക്കാൻവേണ്ടി സിദ്ദീഖ് സ്കാനർ കാണിച്ചുനൽകി. ശേഷം സിദ്ദീഖിന്റെ അക്കൗണ്ട് നമ്പറും ചോദിച്ചു. അക്കൗണ്ട് നമ്പർ അടിക്കുന്നതിനിടയിൽ പാസ്‌വേഡും സമർത്ഥമായി ചോദിച്ചുവാങ്ങി. തുടർന്ന് സിദ്ദീഖിന്റെ ഫോണിലേക്ക് 22,109 രൂപ നഷ്ടപ്പെട്ട മെസേജാണ് എത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here