ഷിംല: ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലുണ്ടായ ഉരുള്‍പൊട്ടലിലും മിന്നല്‍പ്രളയത്തിലും ആറ് മരണം. പത്തോളം പേര്‍ക്ക് പരിക്കേറ്റതായും 303 മൃഗങ്ങള്‍ ചത്തതായും ദുരന്ത നിവാരണ സമിതി പ്രിൻസിപ്പല്‍ സെക്രട്ടറി ഓംകാര്‍ ചന്ദ് ശര്‍മ പറഞ്ഞു.
വിനോദസഞ്ചാരികളടക്കം 200ലധികം ആളുകള്‍ റോഡില്‍ കുടുങ്ങിക്കിടക്കുകയാണ്. ദേശീയപാതയില്‍ 15 കിലോമീറ്റര്‍ ദൂരത്തില്‍ ഗതാഗതതടസ്സം രൂപപ്പെട്ടു.
ചണ്ഡിഗഢ്-മണാലി ദേശീയപാതയിലാണ് വൻ ഗതാഗതതടസ്സം രൂപപ്പെട്ടത്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരടക്കം ദേശീയപാതയില്‍ കുടുങ്ങിക്കിടക്കുകയാണ്. സമീപത്തെങ്ങും ഭക്ഷണത്തിനോ താമസത്തിനോ ഹോട്ടലുകള്‍പോലും ഇല്ലാത്ത ഭാഗത്താണ് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത്.
ഞായറാഴ്ച വൈകീട്ടുമുതല്‍ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരുന്നു. മാണ്ഡിയില്‍ പെയ്യുന്ന കനത്തമഴയെത്തുടര്‍ന്നാണ് ഉരുള്‍പൊട്ടിയത്. റോഡിലേക്ക് വൻ പാറകളും മറ്റും വീണതോടെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. 15 കിലോമീറ്റര്‍ വാഹനങ്ങളുടെ നീണ്ട നിരയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. മാണ്ഡിയുടെ വിവിധയിടങ്ങളില്‍ മിന്നല്‍പ്രളയവും ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്‌ഫോടകവസ്തുക്കളും മറ്റുമുപയോഗിച്ച്, ദേശീയപാതയില്‍ വീണുകിടക്കുന്ന പാറക്കഷണങ്ങള്‍ പൊട്ടിച്ചുനീക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
കനത്ത മഴ, മിന്നല്‍ സാധ്യതയുള്ളതിനാല്‍ ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.