പാരീസ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ലുസീൽ റാൻഡോൺ അന്തരിച്ചു. 118 വയസായിരുന്നു. ഫ്രഞ്ച് നഗരമായ ടുലാനിലെ നഴ്‌സിങ് ഹോമില്‍ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. കന്യാസ്ത്രീയായ ലുസീൽ സിസ്റ്റർ ആൻഡ്രേ എന്നാണ് അറിയപ്പെട്ടിരുന്നത്.
ടൗലോണിലെ നഴ്സിംഗ് ഹോമിൽ ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് മരണം സംഭവിച്ചതെന്ന് ആൻഡ്രേയുടെ വക്താവ് അറിയിച്ചു. 1904 ഫെബ്രുവരി 11-ന് തെക്കൻ ഫ്രാൻസിലെ ലുസീൽ റാൻഡോണിലാണ് ലുസീൽ ജനിച്ചത്. 19 വയസുള്ളപ്പോഴാണ് അവർ കത്തോലിക്ക മതം സ്വീകരിച്ചത്. അത് കഴിഞ്ഞ് 8 വർഷത്തിന് ശേഷം കന്യാസ്ത്രീയായി.
പഠനത്തിന് ശേഷം ആദ്യം അധ്യാപികയായിട്ടായിരുന്നു ആൻഡ്രെ പ്രവർത്തിച്ചത്. പിന്നീട് രണ്ടാം ലോക മഹായുദ്ധ കാലത്ത് അവർ കുട്ടികളെ പരിചരിച്ച് പോന്നിരുന്നു. 1979 മുതൽ നഴ്‌സിങ് ഹോമുകളുടെ ഭാഗമായും പ്രവര്‍ത്തിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അവർ വിച്ചിയിലേക്ക് പോകുകയും അവിടെ 28 വർഷം അനാഥരേയും പ്രായമായവരേയും പരിപാലിച്ചു. 2009 മുതലാണ് ടൗലോണിൽ അവർ സ്ഥിരതാമസമാക്കിയത്. 119 വയസ്സുള്ള ജപ്പാനിലെ കെയ്ന്‍ തനാക്കയുടെ മരണത്തിന് പിന്നാലെയാണ് ആൻഡ്രേ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മാറിയത്.