തിരുവനന്തപുരം: മദ്യലഹരിയില്‍ ലോഡിങ് തൊഴിലാളിയുടെ വീട്ടു മതില്‍ ചാടിക്കടന്ന പൊലീസുകാരനെ മര്‍ദിച്ച മൂന്ന് പേര്‍ അറസ്റ്റില്‍.
സിപിഎം ബ്രാഞ്ച് സെക്രട്ടറി സെല്‍വരാജ്, സെല്‍വരാജന്റെ സഹോദരൻ സുന്ദരൻ, അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. ടെലി കമ്മ്യൂണിക്കേഷന്‍ സിപിഒ ആര്‍ ബിജുവിനാണ് മര്‍ദനമേറ്റത്. പൊലീസുകാരനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ബേക്കറി ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. മദ്യപിച്ച് ബേക്കറി ജംഗ്ഷനിലെ ഒരു വീട്ടില്‍ കയറിയ ടെലികമ്മ്യൂണിക്കേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആര്‍ ബിജുവിനെയാണ് മര്‍ദിച്ചത്. ഇയാളെ കണ്ട് വീട്ടുകാര്‍ ബഹളം വെക്കുകയായിരുന്നു.
തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് ബിജു. പട്ടത്തെ ടെലി കമ്മ്യൂണിക്കേഷൻ ആസ്ഥാനത്താണ് ജോലി ചെയ്യുന്നത്. ജോലിയ്ക്ക് ഹാജരാകാതിരുന്നതിന് വകുപ്പ്തല അന്വേഷണം നേരിടുകയാണ് ബിജു. എസ്‌ഐയെ ആക്രമിച്ചതിന് നേരത്തെ റിമാൻഡിലായിരുന്നു ബിജു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് നേരത്തേയും വകുപ്പുതല നടപടികള്‍ നേരിട്ടിരുന്നു. കോഴിക്കോട്ട് നിന്ന് അച്ചടക്ക നടപടിയുടെ ഭാഗമായാണ് ബിജുവിനെ തിരുവനന്തപുരത്തേക്ക് മാറ്റിയത്.
സെല്‍വരാജ്, സഹോദരൻ സുന്ദരൻ, സുഹത്ത് അഖില്‍ എന്നിവര്‍ ചേര്‍ന്ന് ബിജുവിനെ മര്‍ദിക്കുകയായിരുന്നു. ഇവരെ മൂന്ന് പേരെയും മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. മര്‍ദിച്ചതിന് ഇവരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. വീട്ടിനുള്ളില്‍ അതിക്രമിച്ചു കടന്നതിന് പൊലീസുകാരൻ ബിജുവിനെതിരെയും കേസെടുത്തിട്ടുണ്ട്.