ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ മലയാളിയായ ഡൽഹി സർവകലാശാല അധ്യാപകൻ ഹനി ബാബുവിനെ എൻഐഎ അറസ്‌റ്റുചെയ്‌തു. ഇഗ്ലീഷ് വിഭാഗം അസിസ്‌റ്റന്റ് പ്രൊഫസറും മനുഷ്യാവകാശ പ്രവർത്തകനുമായ ഇയാൾ കേസില്‍ അറസ്റ്റിലാകുന്ന പന്ത്രണ്ടാമനാണ്. ഗൂഢാലോചനയിൽ പങ്കുണ്ടെന്നും മാവോയിസ്‌റ്റ് ആശയവും പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയെന്നും എൻഐഎ വാർത്താ കുറിപ്പിൽ പറഞ്ഞു. ബുധനാഴ്‌ച മുംബൈ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കി കസ്‌റ്റഡിയിൽ ആവശ്യപ്പെടും.
ഭീമ കൊറേഗാവ് പോരാട്ടത്തിന്റെ ഇരുനൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിൽ ദളിത് സംഘടനകൾ 2017 ഡിസംബർ 31നാണ് എൽഗാർ സംഗമം സംഘടിപ്പിച്ചത്. മോഡി സർക്കാരിന്റെ നയങ്ങളിൽ എതിർപ്പുള്ള നിരവധി പേർ പങ്കെടുത്തു. ഇവരുടെ പ്രസംഗമാണ് പിന്നീട് സംഘര്‍ഷത്തിന് കാരണമായതെന്നാണ് കേസ്.