ഹോണ്ട കമ്ബനിയെ വരെ ഞെട്ടിച്ച മനോഹരന്‍റെ യന്ത്രത്തുഴ.

0
36

രൂർ: ജലയാനങ്ങളുടെ രൂപഭേദങ്ങള്‍ക്കനുസരിച്ച്‌ യന്ത്രവേഗത ക്രമപ്പെടുത്താനുള്ള വൈദഗ്ധ്യമാണ് മനോഹരനെ വ്യത്യസ്തനാക്കുന്നത്.

ഓട്ടോമെക്കാനിക്കായിരുന്ന മനോഹരൻ എല്ലാത്തരം ജലയാനങ്ങളിലും ഹോണ്ട മോട്ടോറുകള്‍ ഘടിപ്പിക്കുന്ന വിദഗ്ധനായത് യാദൃച്ഛികമായാണ്. 54 കാരനായ അരൂർ കളപ്പുരക്കല്‍ മനോഹരന്‍റെ ചെറുപ്പത്തില്‍ തന്നെ അച്ഛനും അമ്മയും മരിച്ചു. ഏഴുപേരില്‍ ഏറ്റവും ഇളയവനാണ്. പട്ടിണിയും കഷ്ടപ്പാടും മനോഹരനെ സ്കൂളിലേക്ക് ആകർഷിച്ചില്ല .എന്നാലും മനോഹരൻ പത്തുവരെ പഠിച്ചു. പഠിക്കുന്നതിനിടയില്‍ ഓട്ടോറിക്ഷ മെക്കാനിക്ക് വർഷോപ്പില്‍ സ്ഥിരം സന്ദർശകനായി.

ഏത് യന്ത്രവും മനോഹരന് അഴിച്ചുകാണണം. മണിക്കൂറുകള്‍ വർക്ക്ഷോപ്പില്‍ കൗതുകത്തോടെ നില്‍ക്കുന്നത് കണ്ടപ്പോള്‍ സുരേന്ദ്രൻ ആശാന് താല്‍പര്യം തോന്നി. ഏഴാം ക്ലാസിലെ സ്കൂള്‍ അവധിക്കാലത്ത് കശുവണ്ടി വിറ്റ അഞ്ചുരൂപയുമായി മനോഹരൻ ആശാന്റെ സമീപത്തെത്തി. അഞ്ചുരൂപ ദക്ഷിണവെച്ച്‌ ഓട്ടോറിക്ഷ മെക്കാനിക്ക് പഠിക്കാൻ തുടങ്ങി. അന്നൊക്കെ ലാമ്ബെർട്ട എൻജിനുള്ള ഓട്ടോറിക്ഷകളായിരുന്നു അധികവും. പിന്നീട് ബാക്ക് എൻജിൻ ഓട്ടോറിക്ഷകളുടെ വരവായി.പിന്നെ ഡീസല്‍ എൻജിനുകളും. എല്ലാം മനോഹരൻ പരീക്ഷിച്ചു, പഠിച്ചു വിദഗ്ധനായി. ഇതിനിടയില്‍ കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പത്താം ക്ലാസ് വരെ പഠിച്ചു.

ആശാൻ വർക്ക്ഷോപ്പ് ഉപേക്ഷിച്ചപ്പോള്‍ മനോഹരൻ ഏറ്റെടുത്തു. ഏത് എൻജിനുകളുടെയും സാങ്കേതിക സങ്കീർണതകള്‍ തേടിപ്പോകുന്ന മനോഹരനെ തന്‍റെ വള്ളത്തില്‍ എൻജിൻ പിടിപ്പിക്കാൻ ധനികനായ ഒരു വൈക്കംകാരൻ തേടിയെത്തി. ഹോണ്ട കമ്ബനിയുടെ മള്‍ട്ടിപർപ്പസ് എൻജിനില്‍ അത്യാവശ്യമാറ്റങ്ങള്‍ വരുത്തി ചരല്‍ വാരാനുള്ള വള്ളത്തില്‍ യന്ത്രത്തുഴ ക്രമീകരിക്കാൻ അദ്ദേഹം ധൈര്യം നല്‍കി.

മനോഹരൻ യന്ത്രത്തിന്റെ വേഗത ക്രമപ്പെടുത്തി വള്ളത്തിന്‍റെ അരികില്‍ പിടിപ്പിക്കുന്ന തുഴയുമായി ഘടിപ്പിച്ചു. പരിശ്രമം ഫലം കണ്ടു. ആവശ്യക്കാർ ദിനംതോറും ഏറിയേറി വന്നു. സാധാരണ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിന് പോകാൻ കഴിയുന്ന ചെറിയ വള്ളങ്ങളിലും യന്ത്രത്തുഴ ഘടിപ്പിച്ചു നല്‍കി. എറണാകുളത്തെ ഹോണ്ട ഡീലറിന്റെ പക്കല്‍നിന്നും ഏറ്റവും അധികം എൻജിൻ വാങ്ങുന്ന ഉപഭോക്താവിനെ കാണാൻ ജപ്പാനിലെ ഹോണ്ട കമ്ബനിയില്‍ നിന്നും ഉന്നതർ മനോഹരനെ തേടിയെത്തി. ഹോണ്ട എൻജിനില്‍ മനോഹരൻ വരുത്തുന്ന സൂത്രപ്പണികള്‍ ജപ്പാനിലെ വിദഗ്ധർ കണ്ടറിഞ്ഞു.

മനോഹരന്‍റെ യന്ത്രമാതൃകയില്‍ ചെറിയജലയാനങ്ങളില്‍ ഘടിപ്പിക്കാനുള്ള യന്ത്രങ്ങള്‍ നിർമ്മിക്കാൻ ഹോണ്ട പരിശ്രമിച്ചു. ഏഴുതവണ ജപ്പാനിലെ വിദഗ്ധർ മനോഹരന്‍റെ അരികിലെത്തി. എന്നിട്ടും ചെറിയ വള്ളങ്ങളില്‍ ഘടിപ്പിക്കാനുള്ള യന്ത്രത്തുഴ നിർമിക്കാനുള്ള ഹോണ്ടയുടെ ശ്രമം പരാജയപ്പെട്ടു. പ്രാദേശിക ജലയാനങ്ങളുടെ വ്യത്യസ്തത ജപ്പാൻ വിദഗ്ധരെ കുഴച്ചു. ഒടുവില്‍ അനുമോദനങ്ങളും ഹോണ്ട കമ്ബനിയുടെ ഡീലർഷിപ്പും മനോഹരന് നല്‍കി വിദഗ്ധർ മടങ്ങി. ജാൻസിയാണ് ഭാര്യ. രണ്ട് പെണ്‍മക്കളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here