ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ എട്ട് ജില്ലകളില്‍ നിന്നായി 74,000ത്തോളം പേരെ അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സംഘങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 14ന് വൈകുന്നേരത്തോടെ തന്നെ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയായതായി സംസ്ഥാന ദുരിതാശ്വാസ കമ്മിഷണര്‍ അലോക് പാണ്ഡെ പറഞ്ഞു.
എട്ട് തീരദേശ ജില്ലകളില്‍ നിന്നായി 74,345 പേരെ താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. കച്ച് ജില്ലയില്‍ മാത്രം 34,300 പേരെയും ജാംനഗറില്‍ 10,000 പേരെയും മോര്‍ബിയില്‍ 9,243 പേരെയും രാജ്കോട്ടില്‍ 6,089 പേരെയും, ഡിവാര്‍കോട്ടില്‍ നിന്ന് 5,089 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ജുനഗഢ്, പോര്‍ബന്തര്‍, ഗിര്‍സോമനാഥ് എന്നിവിടങ്ങളില്‍ നിന്നായി ഏകദേശം പതിനായിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.
ബിപോര്‍ജോയുടെ പശ്ചാത്തലത്തില്‍ ഗുജറാത്തില്‍ കച്ച്-സൗരാഷ്ട്ര മേഖലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായ കാറ്റിലും മഴയിലും ദ്വാരകയില്‍ വ്യാപക നാശനഷ്ടമുണ്ടായി. നിലവില്‍ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തോട് അടുക്കുകയാണ്. അതിതീവ്ര ചുഴലികാറ്റായി തന്നെ ബിപോര്‍ജോയ് കരതോടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.