വലിയൊരു മാറ്റത്തിലേക്കുള്ള തുടക്കമാണ് ഉണ്ടാവുന്നത് എന്നാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങളിൽ നിന്ന് മനസ്സിലാകുന്നതെന്ന് നടി ഐശ്വര്യ ലക്ഷ്മി. സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം സ്ത്രീകൾക്ക് ഒരുക്കേണ്ടത് പണ്ടുപണ്ടേ നടക്കേണ്ടതാണെന്നും എന്നാൽ ഇപ്പോഴാണ് അത് നടക്കുന്നതെന്നും ഐശ്വര്യ പറഞ്ഞു. ഇപ്പോൾ ഡബ്ല്യു സി സിയും സർക്കാറും ഒക്കെ ഇടപെട്ട് വ്യക്തമായി കാര്യങ്ങൾ പറയുകയാണെന്നും ഐശ്വര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മലയാള സിനിമയിലെ ലൈംഗികാതിക്രമ പരാതികളിൽ മാതൃകപരമായ ശിക്ഷയുണ്ടാകണം എന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. സിനിമ മേഖല മെച്ചപ്പെടണമെന്ന പ്രതിബദ്ധതയുള്ളവർ നേതൃത്വത്തിൽ എത്തണം. തീരുമാനം എടുക്കാനാവുന്ന പദവികളിൽ സ്ത്രീകൾ ഉണ്ടാവണം എന്നും ഐശ്വര്യ പറഞ്ഞു.
താൻ സിനിമയിൽ വന്നിട്ട് രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമ ചെയ്യുന്ന സമയം മുതൽ കാണുന്നത് ആണ് നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെന്നും ആ സമയം മുതൽ എന്തൊക്കെ മീഡിയയിൽ ചർച്ച നടക്കുന്നുണ്ട്, ഏതൊക്കെ സിനിമ സംഘടന, എങ്ങനെയൊക്കെയാണ് പ്രതികരിക്കുന്നത് എന്നൊക്കെ താൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നുവെന്ന് ഐശ്വര്യ പറയുന്നു.
ആ ഒരു സ്ത്രീ സ്വന്തം കാര്യം എഴുന്നേറ്റ് നിന്ന് , എനിക്ക് വേണ്ടി ഞാൻ തന്നെ പോരാടണം എന്ന് അവർ പറഞ്ഞതിൽ നിന്നാണ് ഇത്രയും വലിയ മാറ്റം ഉണ്ടായിരിക്കുന്നത്. അത് എന്നെ പ്രചോദിപ്പിക്കുന്നുണ്ട്. ഒരാൾ ശക്തമായി പ്രതികരിച്ചത് കൊണ്ട് ഒരു സംഘടന തന്നെ ഉണ്ടായി വരികയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത് ഐശ്വര്യ പറഞ്ഞു.
മുൻനിര നായിക ആയിട്ടും എന്തുകൊണ്ടാണ് അമ്മയിൽ അംഗത്വം എടുക്കാത്ത് എന്ന ചോദ്യത്തിനും ഐശ്വര്യ മറുപടി പറയുന്നു. അമ്മയിൽ അംഗമാകണമെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് ഐശ്വര്യ പറഞ്ഞു. എന്റെ മൂന്നാമത്തെ സിനിമ മുതൽ ഇക്കാര്യങ്ങൾ ഇവിടെ നടക്കുകയാണ്.
ഞാൻ ഇതൊക്കെ കാണുകയാണ്. ഞാൻ അമ്മയിൽ അംഗമായത് കൊണ്ട് എനിക്ക് എപ്പോഴെങ്കിലും ഒരു സഹായം കിട്ടുമോ ഇല്ലയോ എന്ന് അവരുടെ പ്രവർത്തനങ്ങളിൽ നിന്നാണ് കാണേണ്ടത്. അംഗം ആകേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നിയില്ല, ഐശ്വര്യ പറയുന്നു. ആർക്കാണോ താല്പര്യം ഉള്ളത് ആർക്കാണോ കമിറ്റമെന്റ് ഉള്ളത് അവരാണ് തലപ്പത്ത് വരേണ്ടത്. നല്ലൊരു വ്യക്തിക്ക് ഒരു സംഘടന നന്നായി നടത്തിക്കൊണ്ടുപോകാൻ പറ്റും അതിന് തയ്യാറായ ആളാണ് വരേണ്ടത് ഐശ്വര്യ പറയുന്നു.