യൂട്യൂബ് ചാനൽ ഒന്ന് പച്ച പിടിച്ചാൽ ലഭിക്കുന്നവരുമാനം തന്നെയാണ് പലരെയും യൂട്യൂബ് എന്ന വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമിലേക്ക് ആകർഷിക്കുന്നത്. ഇന്ത്യയില്‍ തന്നെ നിരവധി ഉപഭോക്താക്കളും ക്രിയേറ്റര്‍മാരും യൂട്യൂബിനുണ്ട്. എന്നാൽ യൂട്യൂബ് ചാനലുള്ള എല്ലാവർക്കും ഒരു സന്തോഷ വാർത്തയുമായാണ് കമ്പനി ഇപ്പോൾ എത്തിയിരിക്കുന്നത്. യൂട്യൂബിൽ നിന്ന് വരുമാനം നേടുന്നതിനുള്ള മാനദണ്ഡങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് യൂട്യൂബ്. ഇനി മുതൽ 500 സബ്‌സ്‌ക്രൈബേർസ് ഉള്ള ചാനലുകൾക്കും വരുമാനം ലഭ്യമാകും എന്നാണ് യൂട്യൂബ് അറിയിച്ചിരിക്കുന്നത്. ഇതുവരെ മിനിമം 1000 സബ്സ്ക്രൈബേഴ്സ് ആയിരുന്നു യൂട്യൂബിൽ നിന്ന് വരുമാനം ലഭിക്കാൻ വേണ്ടിയിരുന്നത്. അതിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.
തുടക്കക്കാരായ യൂട്യൂബർമാർക്കും പ്ലാറ്റ്ഫോമിൽ നിലനിൽക്കാനും വരുമാനം നേടാനും അവസരം നൽകുന്നതിന് വേണ്ടിയാണ് യൂട്യൂബ് മോണറ്റൈസേഷൻ നയം പരിഷ്കരിച്ചിരിക്കുന്നത്. ഇതിന് മുൻപ് വരുമാനം ലഭിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ വരിക്കാരുടെ എണ്ണം 1000 ആയിരുന്നു. എന്നാൽ ഇപ്പോൾ ഇതിൽ കുറവ് വരുത്തിയതിനു പുറമേ യൂട്യൂബ് വാച്ച് അവറിലും കുറവ് വരുത്തിയിട്ടുണ്ട്. 4,000 മണിക്കൂറില്‍ നിന്ന് 3,000 ആയാണ് വാച്ച് അവർ കുറച്ചിരിക്കുന്നത്.
കൂടാതെ ഷോർട്സിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പ്രവർത്തിക്കുന്ന യൂട്യൂബ് ചാനലുകൾക്കും ഒരു സന്തോഷ വാർത്തയുണ്ട്. വരുമാനം ലഭിക്കുന്നതിനായുള്ള യൂട്യൂബ് ഷോര്‍ട്ട്സിന്റെ വ്യൂസ് 10 മില്യണിൽ നിന്ന് 3 മില്യണായും കുറച്ചു. ഈ മാറ്റം തുടക്കക്കാരായ ചാനൽ ഉടമകൾക്ക് പ്ലാറ്റ്‌ഫോമിൽ നിന്ന് പണം സമ്പാദിക്കാനുള്ള അവസരവും സാധ്യതയും വർദ്ധിപ്പിച്ചിരിക്കുകയാണ്.
അതേസമയം ഈ മാനദണ്ഡം ആദ്യം നടപ്പിലാക്കുന്നത് യുണൈറ്റഡ് സ്റ്റേറ്റ്സ്, അമേരിക്ക, തായ്‌വാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ ആയിരിക്കും. അതിനുശേഷമാകും ഇന്ത്യയിൽ പുതിയ മാറ്റം നടപ്പിലാക്കുക എന്നാണ് വിവരം. എന്നാൽ വരുമാനം സമ്പാദിക്കാനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പരിഷ്‌ക്കരിച്ചിട്ടുണ്ടെങ്കിലും പരസ്യം വഴി വരുമാനം സമ്പാദിക്കുന്ന രീതിയിൽ പ്രത്യേകിച്ച് മാറ്റങ്ങൾ വരുത്തിയിട്ടില്ല. ഏതു പരസ്യത്തിനായാലും അതിന് ആവശ്യമായ പ്രേക്ഷകർ ഉണ്ടെങ്കിൽ മാത്രമേ യൂട്യൂബ് വരുമാനം നൽകുകയുള്ളൂ.
അതേസമയം ടിക് ടോക്ക് (tik tok) പോലുള്ള മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോക്താക്കൾക്ക് അവരുടെ ഉള്ളടക്കങ്ങളിൽ സ്ഥിരത നിലനിർത്തുന്നതിന് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകി വരുന്നുണ്ട്.എന്നാൽ തുടക്കക്കാരായ യൂട്യൂബർമാർക്ക് പോലും വളരെ നേരത്തെ വരുമാനം ലഭിക്കാൻ അവസരം നൽകുന്ന മാറ്റത്തിനാണ് യൂട്യൂബ് തുടക്കം കുറിച്ചിരിക്കുന്നത്.