പുതിയൊരു കോവിഡ് തരംഗം ആഞ്ഞടിക്കുന്നതിന്റെ ഞെട്ടലിലാണ് ചൈന. കോവിഡ് എക്‌സ്ബിബി (XBB) എന്ന് പേരിട്ടിട്ടുള്ള ഈ തരംഗം കഴിഞ്ഞ കുറച്ചു മാസങ്ങളായി ചൈനയിൽ പടർന്നുപിടിക്കുകയാണ്. എപ്രിലിനു ശേഷം കോവിഡ് പിടിപെട്ടിട്ടുള്ളവരുടെ എണ്ണം അഞ്ചു മടങ്ങായി വർദ്ധിച്ചു കഴിഞ്ഞിരിക്കുന്നു.
മേയ് മാസത്തിന്റെ അവസാന ദിവസങ്ങളിൽ ടെസ്റ്റ് ചെയ്തവരിൽ നാൽപ്പതു ശതമാനത്തിലേറെയും പോസിറ്റീവ് ആയിരുന്നുവെന്ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നതായി ദി സ്‌ട്രെയിറ്റ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ജൂൺ മാസത്തോടെ ചൈനയിൽ പ്രതിവാരം ആറരക്കോടിയിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടേക്കുമെന്ന് പ്രമുഖ ചൈനീസ് ആരോഗ്യ വിദഗ്ധർ പറഞ്ഞിരുന്നു.
ജൂൺ ആദ്യവാരത്തോടെ തന്നെ ഒന്നരക്കോടി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്നും പഠനങ്ങളുണ്ടായിരുന്നു. കോവിഡ് മഹാമാരിയെ നേരിടാനായി സജ്ജീകരിച്ചിരുന്ന എല്ലാ നിയന്ത്രണങ്ങളും ചൈന ഒഴിവാക്കി ആറു മാസങ്ങൾക്കുള്ളിലാണ് ഈ പുതിയ തരംഗം. ലോക്ക്ഡൗണുകൾ, കൂട്ട പരിശോധനകൾ, ക്വാറന്റീൻ നിയമങ്ങൾ, നിർബന്ധിത മാസ്‌ക് ഉപയോഗം എന്നിങ്ങനെ എല്ലാ നിയന്ത്രണങ്ങളും ചൈന എടുത്തുമാറ്റിയിരുന്നു. ചൈനയിലെ പുതിയ സ്ഥിതിഗതികൾ ലോകത്തെ എങ്ങനെ ബാധിക്കുമെന്നാണ് വിദഗ്ധർ ഉറ്റുനോക്കുന്നത്.