കെ റെയിൽ യാഥാർഥ്യമാകും; കേന്ദ്രാനുമതിയ്ക്കായി ശ്രമം.

0
60

ന്യൂയോർക്ക്: കേരളത്തിൽ സിൽവർലൈൻ പദ്ധതി യാഥാർഥ്യമാകുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്‍റെ വികസനത്തിൽ യാത്രയുടെ സൗകര്യങ്ങൾ വേണ്ടപോലെ ഉണ്ടാവുക എന്നത് ഏറ്റവും പ്രധാനമാണ്. ഇപ്പോൾ അനുമതി ഇല്ലെങ്കിലും നാളെ യാഥാർഥ്യമാകുന്ന ഒന്നായിരിക്കും സെമി ഹൈസ്പീഡ് റെയിൽ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭയുടെ അമേരിക്കൻ മേഖല സമ്മേളനത്തിൽ ബിസിനസ് ആൻഡ് ഇൻവെസ്റ്റ്മെന്‍റ് മീറ്റിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് റെയിൽ കണക്ടിവിറ്റി വലിയ തോതിൽ മെച്ചപ്പെടേണ്ടതുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി കെ റെയിലിനെക്കുറിച്ച് പ്രസംഗത്തിൽ പരാമർശിച്ചത്. വന്ദേഭാരതിന് ലഭിച്ച സ്വീകാര്യതയിലൂടെ സിൽവർലൈൻ പദ്ധതിയുടെ ആവശ്യകതയാണ് ജനങ്ങൾ പറയാതെ പറയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ ഇപ്പോൾ യാഥാർഥ്യമായില്ലെങ്കിലും ഭാവിയിൽ നടപ്പിലാകുമെന്നും അദ്ദേഹം പറഞ്ഞു.

“നമ്മുടെ സഞ്ചാരത്തിന്‍റെ സമയമെടുത്താൽ പഴയ സമയവും പുതിയ സമയവും തമ്മിൽ വലിയ വ്യത്യാസമില്ലെന്ന് കാണാൻ കഴിയും. എല്ലാ ട്രെയിനുകളും നല്ല സമയമെടുത്താണ് ഓടുന്നത്. ഇപ്പോൾ പുതിയൊരു ട്രെയിൻ, നല്ല വേഗതയിൽ ഓടുന്ന വന്ദേഭാരത് വന്നപ്പോൾ അത് നല്ല സ്വീകാര്യത ജനങ്ങളിലുണ്ടാക്കി. അതോടൊപ്പം തന്നെ മറ്റൊരു കാര്യവും അതിലൂടെ പറയാതെ ജനങ്ങൾ പറഞ്ഞുവെക്കുകയുണ്ടായി. കെ റെയിൽ എന്ന പദ്ധതി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിരുന്നു. അതിന് കേന്ദ്രത്തിന്‍റെ അനുമതി ലഭ്യമാകേണ്ടതുണ്ട്. അതിന് ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.

പക്ഷേ, ആർക്കും മനസിലാകാത്ത ചില കാരണങ്ങൾ പറഞ്ഞുകൊണ്ട്, ആ റെയിൽ പദ്ധതിയെ പൂർണ്ണമായി അട്ടിമറിക്കുന്ന, അതിനെ എതിർക്കുന്ന നിലപാട് ഒരു വിഭാഗം സ്വീകരിച്ചു. ശരിയല്ലാത്ത നിലപാട് ആ ഘട്ടത്തിൽ പല കോണുകളിൽ നിന്നുണ്ടായി. വിവിധ തരത്തിലുള്ള സമ്മർദ്ദങ്ങൾ കേന്ദ്ര ഗവൺമെന്‍റിലേക്കെത്തി, അനുമതി നൽകാൻ പാടില്ലായെന്ന്. ആ പ്രത്യേക സാഹചര്യത്തിൽ ഇപ്പോൾ അനുമതി ലഭ്യമായില്ലെങ്കിലും നാളെ യഥാർഥ്യമാകുന്ന ഒന്നായിരിക്കും സെമി ഹൈസ്പീഡ് റെയിൽ.” മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here