വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയറിന് ട്വിറ്റർ വിലക്കേർപ്പെടുത്തി. ട്വീറ്റ് ചെയ്യുന്നതിൽ നിന്ന് 12 മണിക്കൂർ നേരത്തേക്കാണ് വിലക്കേർപ്പെടുത്തിയത്. കോവിഡ് പ്രതിരോധത്തിന് ഹൈഡ്രോക്സിക്ലോറോക്വിൻ നല്ലതാണെന്ന തരത്തിലുള്ള ചർച്ചയുടെ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചതാണ് കാരണം.
ഹൈഡ്രോക്സിക്ലോറോക്വിൻ സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിന് വിരുദ്ധമായ കാര്യമാണ് ട്രംപ് ജൂനിയർ പ്രചരിപ്പിച്ചതെന്നാണ് ട്വിറ്റർ വ്യക്തമാക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട വ്യാജവാർത്തകളും പ്രചരണങ്ങളും തടയുന്നത് സംബന്ധിച്ച നിയമങ്ങൾക്കെതിരായാണ് ട്രംപ് ജൂനിയറിന്റെ പ്രവൃത്തിയെന്നും ട്വിറ്റർ ചൂണ്ടിക്കാട്ടി.
അതേസമയം, ട്രംപ് ജൂനിയറിന്റെ ട്വിറ്ററിൽ വരുന്ന ട്വീറ്റുകൾ കാണാനും വ്യക്തിപരമായ സന്ദേശങ്ങൾ അയക്കാനും സാധിക്കും. തങ്ങളുടെ നയത്തിന്റെ ഭാഗമായാണ് വിലക്ക് ഏർപ്പെടുത്തുന്നതെന്നും ട്വിറ്റർ അധികൃതർ അറിയിച്ചു.