ഡോ. ബാലശങ്കർ മന്നത്ത് അന്തരിച്ചു

0
78

ഹ്രസ്വചിത്ര സംവിധായകനും നിർമാതാവും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ എഡിറ്ററുമായ ഡോ. പി ബാലശങ്കർ മന്നത്ത് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. മന്നത്ത് പദ്മനാഭന്റെ കൊച്ചുമകൾ ഡോ. സുമതിക്കുട്ടിയമ്മയുടെ മകനാണ് ബാലശങ്കർ. പുളിമൂട് അബംജവിലാസം റോഡ് പിആർഎസ് കൃഷ്ണയിലായിരുന്നു താമസം.

തിരുവനന്തപുരം കൂടിയാട്ടം കേന്ദ്രം ഡയറക്ടർ, സോപാനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിങ് ആർട്‌സ് സീനിയർ ഫെലോ എന്ന നിലയിലും പ്രവർത്തിച്ചിരുന്നു. സംഗീത സംവിധായകനായ മകൻ സച്ചിന്റെ ചെന്നൈയിലെ വീട്ടിലേക്കുള്ള യാത്രക്കിടെ ചെന്നൈ വിമാനത്താവളത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായി. പിന്നാലെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫോട്ടോഗ്രാഫർ കൂടിയായ ഡോ. ബാലശങ്കർ സൂക്ഷ്മ പുഷ്പങ്ങളുടെ പ്രത്യേക ചിത്രീകരണവും പ്രദർശവും നടത്തിയിട്ടുണ്ട്. ഒട്ടേറെ വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള അദ്ദേഹം അതുസംബന്ധിച്ച കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കളം തിയേറ്റേഴ്‌സുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചു. കുട്ടികൾക്കായി നിർമിച്ച സ്നേഹഗോപുരം, ഉണർവ് എന്നിവയടക്കം 25ലേറെ ഹ്രസ്വ ചിത്രങ്ങളുടെ നിർമാണവും സംവിധാനവും നിർവഹിച്ചിട്ടുണ്ട്.

ഭാര്യ: പ്രൊഫ. സരളാദേവി (റിട്ട. പ്രൊഫ. എൻഎസ്എസ് കോളജ്, നീറമൺകര). ഐടി വിദഗ്‌ധ രീതിശങ്കർ മന്നത്ത് (യുകെ.) മകളാണ്. മരുമക്കൾ: നിവേദിത സച്ചിൻ, ഹരീഷ് ഗോപാലകൃഷ്ണൻ (യുകെ). സംസ്കാരം ഇന്ന് വൈകീട്ട്‌ നാലിന്‌ തൈക്കാട്‌ ശാന്തികവാടത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here