മസ്കത്ത്: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ മാര്‍ച്ച് 15 മുതല്‍ നടക്കും. പത്താം ക്ലാസ് പരീക്ഷകള്‍ അടുത്തമാസം 21നും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ അഞ്ചിനും അവസാനിക്കും.
ഒമാനിലെ എല്ലാ സ്കൂളുകളിലും പത്ത്, 12 ക്ലാസുകളിലെ വിദ്യദാര്‍ഥികള്‍ക്ക് സ്റ്റഡി ലീവ് ആരംഭിച്ചു. പൂര്‍ണ പിന്തുണയുമായി രക്ഷിതാക്കളും കുട്ടികള്‍ക്കൊപ്പം ചെലവഴിക്കുന്നുണ്ട്.
കോവിഡ് പ്രതിസന്ധിക്കുശേഷം ആദ്യമായാണ് പൂര്‍ണ രൂപത്തില്‍ പരീക്ഷ നടക്കുന്നത്. കഴിഞ്ഞവര്‍ഷം വിവിധ ഘട്ടങ്ങളിലായാണ് നടന്നിരുന്നത്. മൂന്നു സമയങ്ങളില്‍ നടന്ന പരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു മാര്‍ക്കുകള്‍ കണക്കാക്കിയിരുന്നത്. 2021ല്‍ സ്കൂളുകള്‍ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു മാര്‍ക്കുകള്‍ നല്‍കിയിരുന്നത്. ഇത് മാര്‍ക്ക് ശതമാനം വര്‍ധിക്കാന്‍ കാരണമായിരുന്നു.
ഈവര്‍ഷം കോവിഡിനുമുമ്ബുള്ള അതേ രീതിയില്‍ തന്നെയാണ് പരീക്ഷകള്‍ നടക്കുക. ഇതനുസരിച്ച് പരീക്ഷക്ക് പാഠഭാഗങ്ങള്‍ മുഴുവന്‍ പഠിക്കേണ്ടിവരും. മൂന്‍ വര്‍ഷങ്ങളിലെപോലെ ഭാഗികമായി പഠിച്ച് രക്ഷപ്പെടാന്‍ കഴിയില്ല. പരീക്ഷ രീതിയും കോവിഡ്കാല പരീക്ഷാരീതിയില്‍നിന്ന് വ്യത്യസ്തമാണ്. അതിനാല്‍ കുട്ടികള്‍ക്ക് പരീക്ഷക്ക് വേണ്ടി മുന്‍വര്‍ഷത്തെക്കാള്‍ കൂടുതല്‍ പാഠഭാഗങ്ങള്‍ പഠിക്കേണ്ടിവരും.
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ഏറെ വൈകിയാണ് പരീക്ഷ നടന്നതും ഫലങ്ങള്‍ പുറത്തുവന്നതും. ഈവര്‍ഷം മാര്‍ച്ചില്‍തന്നെ പരീക്ഷ നടക്കുന്നതിനാല്‍ ഫലവും നേരത്തേ പ്രസിദ്ധീകരിക്കാന്‍ സാധ്യതയുണ്ട്. ഇത് നീറ്റ് അടക്കമുള്ള മത്സര പരീക്ഷകളും നേരത്തേയാവാന്‍ കാരണമാവും. സാധാരണ മേയ് മാസത്തിലാണ് നീറ്റ് പ്രവേശന പരീക്ഷകള്‍ നടക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളീല്‍ നീറ്റ് പരീക്ഷ ഏറെ വൈകിയാണ് നടന്നത്. അതിനാല്‍ പ്രവേശന നടപടികളും ഏറെ താമസിച്ചിരുന്നു.
കഴിഞ്ഞവര്‍ഷം അവസാനത്തോടെയാണ് മെഡിക്കല്‍ പ്രവേശന നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായത്. എന്നാല്‍, ഈവര്‍ഷം കോവിഡിന് മുമ്ബ് നടന്നതുപോലെ സമയ ബന്ധിതമായി തന്നെ മെഡിക്കല്‍ പ്രവേശനവും പൂര്‍ത്തിയാക്കാനാവും. ഇതോടെ മെഡിക്കല്‍ എന്‍ജിനീയറിങ് പഠന മേഖലകളില്‍ നിലനില്‍ക്കുന്ന കോഴ്സ് സമയ പ്രശ്നങ്ങള്‍ ഈ വര്‍ഷത്തോടെ പരിഹരിക്കാനും കഴിയും.