കൊച്ചി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര ഗതാഗത തടസം ഉണ്ടാക്കുന്നു എന്നാരോപിച്ചുള്ള ഹർജി ഹൈക്കോടതി തള്ളി. ആരോപണം തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് ഹർജി തള്ളിയത്. യാത്ര സമാധാനപരമായി കടന്നു പോകുകയാണെന്നു സർക്കാർ കോടതിയെ അറിയിച്ചു. നിയമ വിരുദ്ധ നടപടികൾക്കെതിരെ കേസുകൾ എടുത്തതായും സർക്കാർ അറിയിച്ചിട്ടുണ്ട്.
ഗതാഗത കുരുക്ക് ഒഴിവാക്കാൻ പൊലീസിന് നിർദേശം നൽകണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ കെ വിജയനാണ് ഹൈക്കോടതിയെ സമീപിച്ചത്. സുരക്ഷയ്ക്കായി നിയോഗിക്കുന്ന പൊലീസുകാരുടെ ചെലവ് സംഘാടകരിൽ നിന്ന് ഈടാക്കണമെന്നും രാഹുൽ ഗാന്ധിയെയും കെപിസിസി പ്രസിഡന്റിനെയും ഉൾപ്പടെ എതിർ കക്ഷികളാക്കി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോൾ ഭാരത് ജോഡോ യാത്രയ്ക്കു ലഭിച്ച അനുമതി ഉൾപ്പടെയുള്ള രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി പരാതിക്കാരനോട് നിർദേശിച്ചിരുന്നു.
ഭാരത് ജോഡോ യാത്ര എറണാകുളം ജില്ലയില്‍ പ്രവേശിച്ച ഉടനെ ആയിരുന്നു ഗതാഗത തടസ്സമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജിയെത്തിയത്. എന്നാല്‍ അന്ന് ഹര്‍ജി പരിഗണിക്കാനായില്ല. തുടര്‍ന്ന് കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ ഹര്‍ജിക്കാരനോട് കോടതി ആവശ്യപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് ഇന്ന് ഹര്‍ജി പരിഗണിക്കുകയും തള്ളുകയും ചെയ്തത്.
യാത്രയ്ക്ക് പോലീസ് അനുമതിയില്ലേയെന്നും എന്തെല്ലാം മാനദണ്ഡമാണ് യാത്രയ്ക്ക് അനുവാദം നല്‍കുമ്പോള്‍ പോലീസ് വ്യക്തമാക്കിയതെന്നും കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. ഇതിനൊന്നും വ്യക്തമായ ഉത്തരം നല്‍കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ല. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിരിന്റെ വാദങ്ങള്‍ കൂടെ കേട്ട ശേഷം ഹര്‍ജി തള്ളിയത്. യാത്രയില്‍ നിയമലംഘനമുണ്ടായ ഇടത്തെല്ലാം കേസെടുത്തിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ ഉണ്ടാവുമെന്നും സര്‍ക്കാര്‍ അറിയിച്ചു.