കോഴിക്കോട്: സിനിമാ പ്രമോഷനിടെ ലൈംഗികാതിക്രമം നേരിട്ടുവെന്ന യുവ നടിമാരുടെ പരാതിയില്‍ പോലീസ് നടപടിക്ക് ഒരുങ്ങുന്നു. നടിമാരുടെ മൊഴിയെടുക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. സംഭവത്തില്‍ നിര്‍മാതാവ് പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ചായിരുന്നു യുവ നടിമാര്‍ക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായത്. യുവ നടിമാരുടെ മൊഴി എടുക്കാന്‍ വനിത പോലീസ് കണ്ണൂരിലേക്കും എറണാകുളത്തേക്കും പോയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്യുന്നത് വിശദമായ മൊഴി എടുത്ത ശേഷമാകും.
പന്തീരാങ്കാവ് പോലീസിന് സിനിമയുടെ നിര്‍മാതാക്കള്‍ ഇമെയില്‍ വഴി പരാതി അയച്ചതിനെ തുടര്‍ന്നാണ് നടപടി ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച്ച വൈകീട്ടായിരുന്നു സംഭവം. തന്നെ കയറിപിടിക്കാന്‍ ശ്രമിച്ചയാളെ യുവനടി തല്ലുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
നടിമാരില്‍ ഒരാള്‍ കണ്ണൂരും മറ്റേയാള്‍ എറണാകുളത്തുമാണ്. അതാണ് പോലീസ് ഈ രണ്ടിടത്തേക്കും മൊഴി എടുക്കാനായി പോകുന്നത്. മാളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. സിനിമയിലെ പ്രധാന താരങ്ങളെല്ലാവരും വരുന്നത് കൊണ്ട് നല്ല തിരക്കായിരുന്നു ഈ സമയം മാളിലുണ്ടായിരുന്നത്.
പ്രചാരണ പരിപാടി കഴിഞ്ഞ് തിരിച്ചിറങ്ങുന്ന സമയത്താണ് രണ്ട് നടിമാര്‍ക്കും ആള്‍ക്കൂട്ടത്തില്‍ നിന്ന് മോശം അനുഭവമുണ്ടായത്. രണ്ടാമത്തെ നടി കഴിഞ്ഞ ദിവസം സംഭവത്തെ കുറിച്ച് ഫേസ്ബുക്കില്‍ അനുഭവം പങ്കുവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എല്ലാവരും അറിഞ്ഞത്. അതിക്രമം നടത്തിയവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്.