ചെന്നൈ: തമിഴ് നടന്‍ വിശാലിന്റെ വീടിന് നേരെ ആക്രമണം. ചുവന്ന കാറിലെത്തിയ സംഘമാണ് കല്ലേറ് നടത്തിയത്. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. താരത്തിന്റെ മാനേജര്‍ ഹരികൃഷ്ണല്‍ അണ്ണാ നഗര്‍ പോലീസില്‍ പരാതി നല്‍കി. കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. വിശാലിന്റെ വീട്ടില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
ചുവന്ന കാറിലെത്തിയ സംഘം ആക്രമണം നടത്തുന്നതും വേഗത്തില്‍ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട് എന്നാണ് വിവരം. എന്നാല്‍ ആരാണ് ആക്രമണം നടത്തിയത്, എന്തിനാണ് ആക്രമണം നടത്തിയത് എന്നീ കാര്യങ്ങള്‍ ഇപ്പോഴും അവ്യക്തമാണ്. വിശാലിന് ശത്രുക്കളുണ്ടോ, അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലെ ഇടപാടുകള്‍, മൊബൈലിലേക്ക് വന്ന കോളുകള്‍ എന്നിവയെല്ലാം പോലീസ് പരിശോധിച്ചുവരികയാണ്.