എറണാകുളം: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കാര്‍ഗോ വഴി കടത്താൻ ശ്രമം നടത്തിയ സ്വര്‍ണം തുടര്‍ച്ചയായ മൂന്നാം ദിവസവും കസ്റ്റംസ് പിടികൂടി.
പാലുത്പന്നമായ ചീസിനുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചു കടത്താൻ ശ്രമം നടന്നത്. ചൊവ്വാഴ്ച 60 ഗ്രാം സ്വര്‍ണവും ബുധനാഴ്ച 203 ഗ്രാം സ്വര്‍ണവും പിടികൂടിയിരുന്നു.
അബുദാബിയില്‍ നിന്ന് ഫാസ്റ്റ് ട്രാക്ക് എക്സ്പ്രസ് എന്ന കൊറിയര്‍ ഏജൻസി വഴി സലീജ് എന്നയാളാണ് മലപ്പുറം സ്വദേശി ജാബില്‍ ഉത്തേ എന്നയാളുടെ വിലാസത്തിലേക്ക് കൊറിയര്‍ അയച്ചത്. കൊറിയര്‍ പായ്ക്കറ്റിനുള്ളില്‍ ബേബി സോപ്പ്, ബേബി ക്രീം, ഫെയര്‍ ക്രീം, മില്‍ക്ക് ഉല്‍പന്നങ്ങള്‍ എന്നിവയാണുള്ളതെന്നാണ് വെളിപ്പെടുത്തിയിരുന്നത്.
സ്ക്രീനിങ്ങില്‍ സംശയം തോന്നിയതോടെ ചീസ് ടിന്നുകള്‍ പൊട്ടിച്ചു നോക്കിയപ്പോഴാണ് അതിനകത്ത് സ്വര്‍ണം കണ്ടെത്തിയത്. അറുപത് ഗ്രാം സ്വര്‍ണം, പത്ത് ഗ്രാം വീതമുള്ള ആറ് നാണയങ്ങളുടെ രൂപത്തിലാക്കിയാണ് ഒളിപ്പിച്ചത്. സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.