ഇടുക്കി : വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിന് നൽകി പണം തട്ടിയെന്ന കേസിലാണ് ബാബുരാജിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ബാബു രാജ് സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കൽ പരിശോധനകൾ നടത്തി ബാബുരാജിനെ കോടതിയിൽ എത്തിച്ചു. കോടതി ബാബുരാജിന് ജാമ്യം അനുവദിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനായ അടിമാലി സിഐ ബാബുരാജിൽ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 4 – ന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹാജരായത്.
മൂന്നാർ ആനവിരട്ടിക്ക് സമീപം കമ്പിലൈൻ ഭാഗത്ത് 22 കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് നടൻ നടത്തി വന്നിരുന്ന വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ്ബ് എന്ന സ്ഥാപനം. ഇതിൽ 5 കെട്ടിടങ്ങൾക്ക് മാത്രമാണ് പള്ളിവാസൽ പഞ്ചായത്ത് നമ്പറിട്ട് നൽകിയിരുന്നത്. സ്ഥലത്തിന്റെ പട്ടയം നിലവിലെ ചട്ടങ്ങൾ പ്രകാരം നൽകിയിട്ടുള്ളതല്ലന്ന് വ്യക്തമായ സാഹചര്യത്തിൽ റവന്യൂവകുപ്പ് ഇവിടെ നിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ട് റിസോർട്ട് നടത്തിപ്പുക്കാർക്ക് നോട്ടീസും നൽകിയിരുന്നു.