മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ മൂന്നാമതൊരു ചീറ്റ കൂടി ചത്ത സംഭവത്തില്‍ പ്രതികരണവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.
‘ഭരണപരമായ കൊലപാതകം’ എന്നും ‘മൃഗങ്ങളോടുള്ള ക്രൂരതയുടെ വ്യക്തമായ കേസ്’ എന്നുമാണ് അദ്ദേഹം സംഭവത്തെ വിശേഷിപ്പിച്ചത്.
മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ ഇണചേരല്‍ ശ്രമത്തിനിടെയുണ്ടായ അക്രമ ശ്രമത്തെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച ദക്ഷ എന്ന പെണ്‍ ചീറ്റ ചത്തതായി ചൊവ്വാഴ്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരുന്നു. ഒന്നര മാസത്തിനിടെ പാര്‍ക്കില്‍ മൂന്നാമത്തെ ചീറ്റയാണ് ചത്തത്. നമീബിയന്‍ ചീറ്റകളില്‍ ഒന്നായ സാഷ മാര്‍ച്ച് 27 ന് വൃക്ക സംബന്ധമായ അസുഖം മൂലം ചത്തിരുന്നു. മറ്റൊരു ചീറ്റയായ ഉദയ് ഏപ്രില്‍ 13 നും ചത്തു.
‘കുനോയിലെ മൂന്നാമത്തെ ചീറ്റയുടെ മരണം യഥാര്‍ത്ഥത്തില്‍ ഒരു ഭരണപരമായ കൊലപാതകമാണ്. രാഷ്ട്രീയ ഷോഓഫിന് വേണ്ടി മാത്രം ആളുകളെ കൂട്ടുന്ന ബി.ജെ.പി പാര്‍ട്ടിക്ക് വിദേശത്ത് നിന്നെത്തിച്ച ചീറ്റകള്‍ക്ക് രോഗങ്ങളും പരസ്പര സംഘട്ടനങ്ങളും ഇല്ലാത്ത സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാനുള്ള ഉത്തരവാദിത്തവും ഉണ്ട്. മൃഗങ്ങളോടുള്ള ക്രൂരതയുടെ വ്യക്തമായ കേസാണിത്.ഈ കേസില്‍ ശിക്ഷാനടപടി സ്വീകരിക്കണം’ അഖിലേഷ് യാദവ് ട്വിറ്ററില്‍ കുറിച്ചു.
അഖിലേഷ് യാദവിന്റെ ട്വീറ്റിന് മറുപടിയായി ബിജെപി വക്താവ് നരേന്ദ്ര സലൂജ രംഗത്തെത്തി. ചീറ്റപ്പുലികളുടെ ദാരുണമായ മരണത്തില്‍ പോലും രാഷ്ട്രീയം കാണുന്നതില്‍ നിന്ന് അഖിലേഷ് വിട്ടുനില്‍ക്കുന്നില്ല. ‘കുനോ നാഷണല്‍ പാര്‍ക്കില്‍ ചീറ്റകളെ അവതരിപ്പിക്കുന്നതിന് മുമ്പ്, നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നുമുള്ള വന്യജീവി വിദഗ്ധര്‍ ചീറ്റകള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമായി ഈ സ്ഥലത്തെ തിരിച്ചറിഞ്ഞിരുന്നുവെന്ന് അദ്ദേഹം അറിഞ്ഞിരിക്കണം. ചീറ്റപ്പുലികളുടെ മരണം തീര്‍ച്ചയായും ദുഃഖകരമാണ്. എന്നാല്‍ അതിനെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നത് അഖിലേഷ് യാദവിന്റെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു.’ സലൂജ പറഞ്ഞു.
മണ്‍സൂണ്‍ ആരംഭിക്കുന്നതിന് മുമ്പ് അഞ്ച് ചീറ്റകളെക്കൂടി കാട്ടിലേക്ക് തുറന്നുവിടാനും ബാക്കിയുള്ളവയെ മണ്‍സൂണ്‍ മഴ കഴിയുന്നതുവരെ വേലി കെട്ടിയ അക്ലിമൈസേഷന്‍ ക്യാമ്പുകളില്‍ പാര്‍പ്പിക്കാനുമാണ് വിദഗ്ധരുടെ തീരുമാനം. ചീറ്റകള്‍ക്ക് കൂടുതല്‍ സ്ഥലം നല്‍കാനും ആണ്‍ ചീറ്റയും പെണ്‍ ചീറ്റയും തമ്മില്‍ ഇടപഴകാന്‍ അനുവദിക്കാനും വേലി കെട്ടി പ്രത്യേക ചുറ്റുപാടുകളുണ്ടാക്കാനും അവര്‍ തീരുമാനിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.