ഗാസയിൽ ഇസ്രായേൽ നടത്തിയ ബോംബ് ആക്രമണത്തിൽ 100 ഓളം പേർ കൊല്ലപ്പെട്ടുവെന്ന് ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസി.

0
35

ഗാസ സിറ്റിയിലെ അൽ സഹാബയിലുള്ള അൽ തബാ ഈൻ സ്കൂളിനുനേരെയാണ് ആക്രമണം നടന്നതെന്ന് സിവിൽ ഡിഫൻസ് ഏജൻസി വക്താവ് മഹ്മൂദ് ബസാൽ ടെലഗ്രാമിലൂടെ അറിയിച്ചു. അതേസമയം ഹമാസ് കമാൻഡ് സെൻ്റർ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേലിൻ്റെ വാദം.ഭയാനകമായ കൂട്ടക്കൊലയാണ് നടന്നതെന്നും മൃതദേഹങ്ങൾക്ക് തീപിടിച്ചുവെന്നും മഹ്മൂദ് ബസാൽ പറഞ്ഞു. തീനിയന്ത്രണവിധേയമാക്കി മൃതദേഹങ്ങൾ വീണ്ടെടുക്കാൻ ശ്രമം തുടരുന്നതായും പരിക്കേറ്റവരെ രക്ഷപ്പെടുത്താനുള്ള ദൗത്യം നടക്കുന്നതായും മഹ്മൂദ് ബസാൽ പറഞ്ഞു.

ഗാസ സിറ്റിയിലെ രണ്ട് സ്കൂളുകൾക്കുനേരെ വ്യാഴാഴ്ച‌ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 18ലധികം പേർ കൊല്ലപ്പെട്ടതായി സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സ്കൂളിനുനേരെ ആക്രമണം നടന്നത്.അതേസമയം അൽ തബാ ഈൻ സ്കൂളിൽ ഹമാസ് ഭീകര‍ർ നടത്തുന്ന ഹമാസ് കമാൻഡും കൺട്രോൾ സെൻ്ററും ആക്രമിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ സാധാരണക്കാരടക്കം 1198 പേർ കൊല്ലപ്പെട്ടിരുന്നു.

251 പേരെ ഹമാസ് ബന്ധിയാക്കി ഗാസയിലേക്ക് കൊണ്ടുപോയിരുന്നു. ഇതിൽ 39 ഇസ്രായേൽ സൈനികർ ഉൾപ്പെടെ 111 പേർ ഇപ്പോഴും ഗാസയിൽ തുടരുകയാണ്. ഇതിന് മറുപടിയായി, ഹമാസിൻ്റെ ഉന്മൂലനം ലക്ഷ്യമിട്ട് ഇസ്രായേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ 39,699 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.അതിനിടെ, ഗാസ സിറ്റിയുടെ തെക്കൻ മേഖലയായ ഖാൻ യൂനിസ് വളയുന്നതായി ഇസ്രായേൽ സൈന്യം വെള്ളിയാഴ്ച അറിയിച്ചു.

ഇതിൻ്റെ ഭാഗമായി സാധാരണക്കാരോട് ഖാൻ യൂനിസ് വിട്ടുപോകാൻ ഇസ്രായേൽ നിർദേശം നൽകി. ഇതേ തുടർന്ന് ആയിരക്കണക്കിന് പേർ കാൽനടയായും കഴുതപ്പുറത്തും മോട്ടോ‍ർസൈക്കിൾ റിക്ഷകളിലുമായി ഖാൻ യൂനിസ് വിട്ടുപോകുന്ന ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ വഴി പുറത്തുവന്നു. കഴിഞ്ഞ 72 മണിക്കൂറിനിടെ 60,000ത്തോളം പേർ പടിഞ്ഞാറൻ ഖാൻ യൂനിസിലേക്ക് മാറിയതായി ചെയ്തതായി യുഎൻ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here