മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെതിരായ മയക്കുമരുന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് നീക്കി. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥനെയാണ് സര്‍വ്വീസില്‍ നിന്ന് നീക്കിയത്. വിശ്വ വിജയ് സിംഗ് എന്ന ഉദ്യോഗസ്ഥനെയാണ് ദില്ലി സോണിന് കീഴിലുള്ള എന്‍സിബി അന്വേഷണത്തിന് പിന്നാലെ നീക്കിയത്. ആഡംബര കപ്പലില്‍ ലഹരി വസ്തുക്കളുമായി കണ്ടെത്തിയെന്ന ആരോപണത്തിലായിരുന്നു ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ കേസില്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് ലഭിച്ചിരുന്നു.
എന്‍സിബിയുടെ മുംബൈ ഓഫീസിലെ സൂപ്രണ്ടായിരുന്നു വിശ്വ വിജയ് സിംഗ്. ആര്യന്‍ ഖാനെതിരായ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനും വിശ്വ വിജയ് സിംഗ് ആയിരുന്നു. ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെ എന്‍സിബി ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണത്തിന് പിന്നിലെ അഴിമതി ആരോപണങ്ങള്‍ അടക്കമുള്ളവ അന്വേഷിക്കാന്‍ മറ്റൊരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സസ്പെന്‍ഷനില്‍ തന്നെ തുടരുകയായിരുന്ന വിശ്വ വിജയ് സിംഗിനെതിരെ 2019 മുതല്‍ അന്വേഷണം നടന്നിരുന്നു.