ആർസിബിയ്‌ക്കെതിരെ മുംബൈയ്ക്ക് വേണ്ടി കളിച്ച മാച്ച് വിന്നിംഗ് ഇന്നിംഗ്‌സിന് ശേഷം സൂര്യകുമാർ യാദവിനെ ലോകത്തിലെ ഏറ്റവും മികച്ച ടി20 കളിക്കാരനെന്ന് പ്രശംസിച്ച് മുൻ ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി.
സീസണിൽ സൂര്യകുമാറിന് സാവധാനത്തിലുള്ള തുടക്കമായിരുന്നു ലഭിച്ചതെങ്കിലും കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ താരം മികച്ച ഫോമിലാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്നായി 32കാരൻ മൂന്ന് അർധസെഞ്ചുറികൾ നേടിയിട്ടുണ്ട്. അതിൽ തന്നെ കൂടുതലും വലിയ സ്‌കോറുകൾ പിന്തുടരുന്ന ഘട്ടത്തിലാണെന്നതും ശ്രദ്ധേയമാണ്.
11 മത്സരങ്ങളിൽ നിന്ന് 34.18 ശരാശരിയിൽ 376 റൺസും 186.14 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റുമായി മുംബൈ ബാറ്റർ കുതിപ്പ് തുടരുകയാണ്. ചൊവ്വാഴ്‌ച ആർസിബിക്കെതിരെ സൂര്യകുമാർ വീണ്ടും തന്റെ ക്ലാസ് തെളിയിച്ചു. ഒരേ ഓവറിൽ തന്നെ രോഹിത് ശർമ്മയുടെയും ഇഷാൻ കിഷന്റെയും വിക്കറ്റുകൾ മുംബൈയ്ക്ക് നഷ്‌ടമായ സമയത്താണ് 32കാരനായ താരം എത്തിയത്.
ഈ അതിശയകരമായ ഇന്നിംഗ്‌സിന് ശേഷം താരത്തിനെ പുകഴ്ത്തി നിരവധി പേരാണ് രംഗത്ത് വന്നത്. അതിലെ ഏറ്റവും അവസാനത്തെ ആളാണ് സൗരവ് ഗാംഗുലി. സൂര്യകുമാറിനെ ലോകത്തിലെ ഏറ്റവും മികച്ച ടി20 കളിക്കാരനായി വാഴ്ത്തിയ ദാദ, താരം കമ്പ്യൂട്ടറിൽ ബാറ്റ് ചെയ്യുന്നത് പോലെ തോന്നുന്നുവെന്നും കൂട്ടിച്ചേർത്തു.
“സൂര്യ കുമാർ യാദവ് ലോകത്തിലെ ഏറ്റവും മികച്ച ടി20 കളിക്കാരനാണ്.. അദ്ദേഹം കമ്പ്യൂട്ടറിൽ ബാറ്റ് ചെയ്യുന്നത് പോലെയാണ് തോന്നുന്നത്” സൂര്യകുമാറിനെയും മുംബൈ ഇന്ത്യൻസിനെയും ടാഗ് ചെയ്‌ത ട്വീറ്റിൽ ഗാംഗുലി പറഞ്ഞു. എന്നാൽ തന്റെ പദ്ധതികളിൽ ഉറച്ചുനിൽക്കാനാണ് താൻ ശ്രമിച്ചതെന്നും തന്റെ ശൈലിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നും ആർസിബിക്കെതിരായ മത്സരത്തിന് ശേഷം സൂര്യകുമാർ പറഞ്ഞു.