മെയ് 9 വരെ എല്ലാ വിമാന സർവീസുകളും റദ്ദാക്കി ഗോ ഫസ്‌റ്റ്

0
63

മെയ് 3, 4, 5 തീയതികളിൽ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചിരുന്ന ഗോ ഫസ്‌റ്റ് എയർലൈൻ, മെയ് 9 വരെ തങ്ങളുടെ എല്ലാ ഫ്ലൈറ്റ് സർവീസുകളും റദ്ദാക്കുമെന്ന് അറിയിച്ചു. അടുത്തിടെ പാപ്പരത്തത്തിനായി അപേക്ഷിച്ച വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ, ദീർഘകാലത്തേക്ക് ഫ്ലൈറ്റുകൾ റദ്ദാക്കാനുള്ള പുതിയ തീരുമാനത്തിന് പിന്നിൽ പ്രവർത്തനപരമായ കാരണങ്ങളാണെന്ന് ചൂണ്ടിക്കാട്ടി.

ഇത് ഗോ ഫസ്റ്റിന്റെ ഭാവിയിൽ വലിയ കരിനിഴൽ വീഴ്ത്തുന്നതാണ്, എന്നാൽ എയർലൈൻ വീണ്ടും പ്രവർത്തനക്ഷമമാക്കാനാണ് പദ്ധതിയെന്ന് അതിന്റെ സിഇഒ കൗശിക് ഖോന പറഞ്ഞു. “പ്രവർത്തനപരമായ കാരണങ്ങളാൽ, 2023 മെയ് 9 വരെ ഷെഡ്യൂൾ ചെയ്തിരുന്ന ഗോ ഫസ്‌റ്റ് ഫ്ലൈറ്റുകൾ റദ്ദാക്കിയതായി അറിയിക്കുന്നതിൽ ഞങ്ങൾ ഖേദിക്കുന്നു” ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു. മെയ് 15 വരെ ടിക്കറ്റ് വിൽപ്പനയും എയർലൈൻ നിർത്തിവച്ചിട്ടുണ്ട്.

അതേസമയം, റദ്ദാക്കിയ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്‌ത യാത്രക്കാർക്ക് പണം തിരികെ നൽകാൻ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർലൈനിനോട് ആവശ്യപ്പെട്ടു. “ഗോ ഫസ്‌റ്റിന്റെ പ്രതികരണം ഡിജിസിഎ പരിശോധിക്കുകയും പ്രസക്തമായ റെഗുലേഷനിൽ പ്രത്യേകം അനുശാസിക്കുന്ന സമയക്രമം അനുസരിച്ച് യാത്രക്കാർക്ക് റീഫണ്ടുകൾ പ്രോസസ്സ് ചെയ്യാൻ നിർദ്ദേശിക്കുന്ന നിലവിലുള്ള ചട്ടങ്ങൾക്ക് കീഴിൽ ഒരു ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്‌തു” അതിൽ പറയുന്നു.

ഗോ ഫസ്‌റ്റിന്റെ സ്വമേധയാ പാപ്പരത്ത ഹർജി നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) ഡൽഹി ബെഞ്ച് പരിഗണിക്കുന്ന ദിവസമാണ് ഈ സംഭവവികാസം. അതിന്റെ പാപ്പരത്ത ഹർജിയിൽ, യുഎസ് എയ്‌റോസ്‌പേസ് നിർമ്മാതാക്കളായ പ്രാറ്റിനെയും വിറ്റ്‌നിയെയും കമ്പനിയുടെ സാമ്പത്തിക പ്രശ്‌നങ്ങൾക്ക് ഗോ ഫസ്‌റ്റ് കുറ്റപ്പെടുത്തിയിരുന്നു. പി ആൻഡ് ഡബ്ല്യു എഞ്ചിനുകൾ വിതരണം ചെയ്യാത്തത് അതിന്റെ പകുതിയിലധികം സർവീസുകളെയും ബാധിച്ചു, ഇതോടെ പാപ്പരത്തത്തിനായി ഫയൽ ചെയ്യാൻ നിർബന്ധിതരാവുകയായിരുന്നു.

ഗോ ഫസ്‌റ്റിന്റെ പാപ്പരത്ത ഫയലിംഗ് സൂചിപ്പിക്കുന്നത് 11,463 കോടി രൂപയുടെ മൊത്തം ബാധ്യതകളുണ്ടെന്നും 6000 കോടിയിലധികം രൂപ കടക്കാർക്ക് നൽകാനുണ്ടെന്നുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here