ലക്‌നൗവിലെ ഏകാന സ്‌റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സും ലക്‌നൗ സൂപ്പർ ജയന്റ്സും തമ്മിലുള്ള പോരാട്ടം മഴ മൂലം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും എൽഎസ്‌ജി ഫീൽഡിങ് കോച്ച് ജോണ്ടി റോഡ്‌സിന്റെ പ്രവർത്തി കൈയ്യടി നേടുകയാണ്.
എൽഎസ്‌ജിയും സിഎസ്‌കെയും തമ്മിലുള്ള ഉച്ചകഴിഞ്ഞുള്ള മത്സരം നനഞ്ഞ ഔട്ട്‌ഫീൽഡ് കാരണം വൈകിയാണ് ആരംഭിച്ചത്. എൽഎസ്‌ജി 19.2 ഓവറിൽ 125/7 എന്ന നിലയിലായിരിക്കെ ലഖ്‌നൗവിൽ മഴയെത്തി. എന്നാൽ ഒട്ടു മടി കൂടാതെ ജോണ്ടി റോഡ്‌സ് ഉടൻ തന്നെ ഗ്രൗണ്ട് സ്‌റ്റാഫിന് സഹായം വാഗ്‌ദാനം ചെയ്യുകയും, പിച്ച് സംരക്ഷിക്കാൻ കവറുകൾ കൊണ്ടുവരാൻ ഒപ്പം ചേരാനും തയ്യാറായി. മത്സരം മുടങ്ങിയെങ്കിലും റോഡ്‌സ് തന്റെ പ്രവർത്തിയിലൂടെ ദശലക്ഷക്കണക്കിന് ഹൃദയങ്ങൾ കീഴടക്കി.
“ജോണ്ടി റോഡ്‌സ്, ഫീൽഡിൽ എപ്പോഴും ഒരു സ്വത്താണ്,” ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ട്വീറ്റ് ചെയ്‌തു. പോസ്‌റ്റിന് മറുപടിയായി റോഡ്‌സ് പറഞ്ഞു: “ഭൂമിയുടെ 70% വെള്ളം ഉൾക്കൊള്ളുന്നു, ബാക്കിയുള്ളത് ജോൺടിയാൽ മൂടിയിരിക്കുന്നു എന്ന 90കളിലെ എന്റെ ആരാധകരുടെ വാക്കുകൾക്ക് അനുസൃതമായി ജീവിക്കാൻ ശ്രമിക്കുകയാണ്.”
ഏകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ക്യാപ്റ്റൻ കൂളിന് ലഭിച്ച അവിശ്വസനീയമായ പിന്തുണ എടുത്തുകാണിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ എംഎസ് ധോണി തനിക്ക് പ്രചോദനമായയെന്നും റോഡ്‌സ് മറ്റൊരു ട്വീറ്റിൽ പറഞ്ഞു.