ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന സ്ഥാനപ്പേര് മാറ്റിവിളിച്ചിതിൽ അനിഷ്ടം പ്രകടിപ്പിച്ച് സംവിധായകൻ രഞ്ജിത്ത്. ജനറല്‍ സെക്രട്ടറി ഓഫ് ഫെഫ്ക എന്ന് വിളിച്ചാണ് അവതാരകൻ രഞ്ജിത്തിനെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. എന്നാൽ തെറ്റ് മനസിലാക്കി അവതാരകൻ തിരുത്തി വിളിച്ചതും അക്കാദമി ജനറല്‍ സെക്രട്ടറി എന്നായിരുന്നു. ഇതോടെ രഞ്ജിത്ത് വേദിയിലേക്ക് കയറാൻ വിസമ്മതിക്കുകയായിരുന്നു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ലൈവ്’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലായിരുന്നു സംഭവം.
ജനറല്‍ സെക്രട്ടറി ഓഫ് ഫെഫ്ക എന്ന് അഭിസംബോധന ചെയ്തതോടെ വേദിയിലിരുന്നവർ ചിരിച്ചു. തുടർന്ന് കൈ കൊണ്ട് വേദിയിലേക്ക് വരില്ല എന്ന് രഞ്ജിത്ത് ആംഗ്യം കാണിക്കുകയായിരുന്നു. പെട്ടെന്നുള്ള ടെന്‍ഷനില്‍ പറ്റിയതാണ്’ എന്ന് പറഞ്ഞ് അവതാരകൻ രഞ്ജിത്തിനടുത്തെത്തി ക്ഷമ ചോദിച്ചതിന് ശേഷം മാത്രമാണ് അദ്ദേഹം വേദി പങ്കിടാൻ തയ്യാറായത്.
അടുത്തതായി വേദിയിലേക്ക് സ്വാഗതം ചെയ്യുന്നത് നമ്മളെല്ലാം ഒരുപാട് ബഹുമാനിക്കുന്ന നമ്മുടെ സ്വന്തം രഞ്ജിത്തേട്ടനെയാണ്, ജനറല്‍ സെക്രട്ടറി ഓഫ് ഫെഫ്ക എന്നാണ് അവതാരകന്‍ പറഞ്ഞത്. ഇത് കേട്ട് വേദിയിലാകെ ചിരി പടര്‍ന്നു. തെറ്റ് മനസിലാക്കി അവതാരകന്‍ ചലച്ചിത്ര അക്കാദമിയുടെ ജനറല്‍ സെക്രട്ടറി, അല്ല ചെയര്‍മാന്‍ എന്ന് പറഞ്ഞെങ്കിലും രഞ്ജിത്ത് വേദിയിലേക്ക് വരില്ല എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു.
അയാം സോ സോറി, രഞ്ജിത്ത് സാര്‍ അയാം റിയലി സോറി, പെട്ടെന്നുള്ള ടെന്‍ഷനില്‍ അറിയാതെ പറ്റിയതാണ്, കണ്ട ടെന്‍ഷനില്‍ തെറ്റി പോയതാണ്, കൊല്ലാതെ വിടണം എന്ന് പറഞ്ഞ് വേദിയില്‍ നിന്നും ഇറങ്ങി വന്ന് അവതാരകന്‍ ക്ഷമ ചോദിച്ചതിന് ശേഷമാണ് രഞ്ജിത്ത് വേദിയിലേക്ക് കയറി വന്നത്. വേദിയില്‍ വന്നതിന് ശേഷവും അവതാരകന്‍ ക്ഷമ ചോദിച്ചു.
വല്ലപ്പോഴും പത്രം എടുത്ത് നോക്കി വായിക്കുന്നത് നല്ലതാണെന്നാണ് അവതാരകനോട് രഞ്ജിത്ത് പറഞ്ഞത്. എല്ലാം അറിഞ്ഞുവെന്ന് ഒരു ഇട്ടാവട്ട സ്‌റ്റേജില്‍ നിന്ന് സംസാരിക്കുന്നതല്ല ലോകം. അതിനപ്പുറത്തുള്ള ആളുകളെ തിരിച്ചറിയാന്‍ ശ്രമിക്കുക. ചലച്ചിത്ര അക്കാദമി ജനറല്‍ സെക്രട്ടറി എന്ന് ഞാന്‍ ആദ്യം കേള്‍ക്കുകയാണ്. എന്തുമാവട്ടെ ആ ചെറുപ്പക്കാരനെ കൊല്ലാതെ വിടുന്നു- രഞ്ജിത്ത് പറഞ്ഞു.