പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം ‘കെ’ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. ആന്ധ്രാ സര്‍ക്കാരിനെതിരെ ചിത്രത്തിന്റെ നിര്‍മ്മാതാവ് അശ്വിനി ദത്ത് നടത്തിയ ചില പരാമര്‍ശമാണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണം. തെലുങ്ക് സിനിമ, ടെലിവിഷന്‍ രംഗത്തെ മികച്ച കലാകാരന്‍മാര്‍ക്ക് നല്‍കേണ്ട ”നന്തി” അവാര്‍ഡ് ദാന ചടങ്ങ് ഇത്തവണ നടത്തിയില്ലെന്ന് ആരോപിച്ചായിരുന്നു അശ്വിനിയുടെ വിമര്‍ശനം. കഴിഞ്ഞ നാലു വര്‍ഷമായി ഈ അവാര്‍ഡ് ദാന ചടങ്ങ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് തെലുങ്ക് മാധ്യമ റിപ്പോര്‍ട്ടുകൾ.
മുതിര്‍ന്ന നിര്‍മ്മാതാവ് ആദിശേഷഗിരി റാവു സന്നിഹിതനായ ചടങ്ങിലായിരുന്നു ദത്തിന്റെ പരാമര്‍ശം. തെലുങ്ക് സൂപ്പര്‍ സ്റ്റാറായ നടന്‍ കൃഷ്ണയുടെ മൊഗസ്സല്ലുക്കു മൊഗഗല്ലു എന്ന ചിത്രത്തിന്റെ റി-റീലിസിംഗ് ചടങ്ങായിരുന്നു അത്. പരിപാടിയ്ക്ക് ശേഷം നന്തി അവാര്‍ഡ് പുനസ്ഥാപിക്കാന്‍ ആന്ധ്രാ സര്‍ക്കാരുമായി ചര്‍ച്ച നടത്തുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആദിശേഷഗിരിയോട് ചോദിച്ചിരുന്നു. ഈ സമയത്ത് അശ്വിനി ദത്തും വേദിയിലുണ്ടായിരുന്നു.
” നിലവിലെ സ്ഥിതി വ്യത്യസ്തമാണ്. ഇന്നത്തെ കാലത്ത് അവര്‍ മികച്ച ഗുണ്ടയ്ക്കും റൗഡിയ്ക്കും മാത്രമേ അവാര്‍ഡ് കൊടുക്കുകയുള്ളു. സിനിമയ്ക്കും പുരസ്‌കാരം നല്‍കുന്ന ദിവസങ്ങള്‍ ഇനി വരും,” എന്നാണ് അശ്വിനി ദത്ത് പറഞ്ഞത്. ഈ അഭിപ്രായത്തെ പിന്താങ്ങുന്ന നിലപാടാണ് ആദിശേഷഗിരിയും സ്വീകരിച്ചത്.
”സംസ്ഥാനത്തിന്റെ വിഭജനത്തിന് ശേഷം നന്തി അവാര്‍ഡുകള്‍ക്ക് പ്രാധാന്യം നഷ്ടപ്പെട്ടു. അതിനാല്‍ പുതിയ പേരുകളില്‍ പുരസ്‌കാരം നല്‍കാന്‍ അവര്‍ മുന്നോട്ട് വരേണ്ടതാണ്. എന്നാല്‍ ആന്ധ്രാ, തെലങ്കാന സര്‍ക്കാരുകള്‍ക്ക് താല്‍പ്പര്യമില്ല. സിനിമാ മേഖല അവരുടേതായ രീതിയിലാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. മുമ്പ് സര്‍ക്കാര്‍ അവാര്‍ഡുകള്‍ക്ക് ഒരു മൂല്യമുണ്ടായിരുന്നു. ഇന്ന് ആ വിലയെല്ലാം പോയി,” എന്നാണ് ആദിശേഷഗിരി പറഞ്ഞത്.
മഹാഭാരതം പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമയാണ് കെ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ ബോളിവുഡ് താരം അമിതാഭ് ബ്ച്ചനും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. മഹാഭാരതത്തിലെ അശ്വത്ഥാമാവിനോട് സമാനമായ കഥാപാത്രമാണ് അമിതാഭ് ബച്ചന്റേത്. കര്‍ണ്ണന്റെ സ്വഭാവത്തിന് സമാനമായ കഥാപാത്രമാണ് പ്രഭാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ഗ്രാഫിക്‌സിന് പ്രാധാന്യം നല്‍കുന്ന ചിത്രമാണിതെന്നാണ് മുമ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ നിര്‍മ്മാതാവ് അശ്വിനി ദത്ത് പറഞ്ഞിരുന്നത്. ഗ്രാഫിക്‌സ് ജോലികള്‍ ആരംഭിച്ചിട്ട് ഇപ്പോള്‍ ഏകദേശം 5 മാസത്തോളമായെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചിത്രത്തിന്റെ 70 ശതമാനം ചിത്രീകരണവും പൂര്‍ത്തിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ആന്ധ്രാ സര്‍ക്കാരിനെതിരെ അശ്വിനി ദത്ത് നടത്തുന്ന പരാമര്‍ശങ്ങള്‍ ചിത്രത്തെയും ബാധിച്ചേക്കാമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.