നവ്യ നായരും സൈജു കുറുപ്പും പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രം ‘ജാനകി ജാനേ’ (Janaki Jaane) മെയ് മാസം തിയേറ്ററിലെത്തും. മെയ് 12 ആണ് റിലീസ് തിയതി. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന, അനീഷ് ഉപാസന രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘ജാനകി ജാനേ’. ഉയരെക്ക് ശേഷം എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ നിർമ്മിക്കുന്ന ജാനകി ജാനെയിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നത് സൈജു കുറുപ്പ്, നവ്യാ നായർ, ജോണി ആന്റണി, ഷറഫുദ്ധീൻ, കോട്ടയം നസീർ, അനാർക്കലി, പ്രമോദ് വെളിയനാട്, ജെയിംസ് ഏലിയാ, സ്മിനു സിജോ, ജോർജ് കോര, അഞ്ജലി സത്യനാഥ്, സതി പ്രേംജി, ശൈലജ കൊട്ടാരക്കര, അൻവർ, മണികണ്ഠൻ എന്നിവരാണ്.
ഒറ്റ ഷെഡ്യൂളിൽ പൂർത്തിയായ ‘ജാനകി ജാനേ’യുടെ പ്രധാന ലൊക്കേഷൻ ഇരിഞ്ഞാലക്കുടയിലെ കാറളം എന്ന ഗ്രാമമായിരുന്നു. ജാനകി ജാനെയുടെ ആദ്യ ടീസർ തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചതും വാർത്തകളിൽ ഇടം പിടിച്ചതുമെല്ലാം പ്രേക്ഷകർക്ക് നൽകുന്ന പ്രതീക്ഷകൾ
ഏറെയാണ്.
തീർത്തും നർമ്മം കലർന്ന ഒരു കുടുംബചിത്രവുമായി എസ് ക്യൂബ് ഇത്തവണ പ്രേക്ഷകരിലേക്കെത്തുന്നത്. സൈജു കുറുപ്പിന്റെ മുഴുനീള നായകവേഷമാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഉണ്ണി മുകുന്ദൻ എന്ന പേരിലാണ് സൈജു കുറുപ്പ് ജാനകി ജാനെയിൽ.
സബ് കോണ്ട്രാക്‌ടർ ഉണ്ണി മുകുന്ദനായി സൈജു കുറുപ്പ് നായകനാവുമ്പോൾ ഓഫ് സെറ്റ് പ്രെസ്സ് ജീവനക്കാരി ജാനകിയായി നവ്യാ നായർ നായികയാവുന്നു. ജാനകിയുടെ പേടിയാണ് സിനിമയുടെ ഇതിവൃത്തമെന്നത് ഒരു ടീസറിലൂടെ തന്നെ അവതരിപ്പിച്ചു കഴിഞ്ഞു.