മദ്യം വിളമ്പാന്‍ പ്രത്യേക ലൈസന്‍സ് നിർബന്ധം; പുതിയ നീക്കവുമായി തമിഴ്‌നാട്

0
81

ചെന്നൈ: മദ്യം വിളമ്പുന്നതിന് പുതിയ മാനദണ്ഡവുമായി തമിഴ്‌നാട് സർക്കാർ. വിവാഹ പാർട്ടികൾ, കോൺഫറൻസ് ഹാൾ, കൺവെൻഷൻ സെന്ററുകൾ, സ്‌പോർട്‌സ് സ്റ്റേഡിയങ്ങൾ, എന്നിവിടങ്ങളിൽ മദ്യം വിളമ്പുന്നതിനാണ് ഇനി മുതൽ പ്രത്യേകം ലൈസൻസ് എടുക്കേണ്ടി വരിക.

1981ലെ തമിഴ്‌നാട് മദ്യ നയത്തിൽ സംസ്ഥാന സർക്കാർ അടുത്തിടെ ഭേദഗതി വരുത്തിയിരുന്നു. തുടർന്ന് ദേശീയ പരിപാടി അടക്കമുള്ളവയിൽ അതിഥികൾക്ക് മദ്യം വിളമ്പുന്നതിന് പ്രത്യേക ലൈസൻസിംഗ് വ്യവസ്ഥ ഏർപ്പെടുത്തിയത്.

പുതിയ വ്യവസ്ഥ പ്രകാരം വാണിജ്യ മേഖലയിൽ മദ്യം വിളമ്പുന്നതിനുള്ള വാർഷിക അടവ് തുകയെപ്പറ്റിയുള്ള വിവരങ്ങളും സർക്കാർ പുറത്തുവിട്ടിരുന്നു. മുനിസിപ്പൽ കോർപ്പറേഷൻ പരിധിയ്ക്ക് കീഴിൽ വരുന്ന കൺവെൻഷൻ സെന്റർ, കല്യാണ മണ്ഡപം, സ്‌പോർട്‌സ് സ്റ്റേഡിയം എന്നിവയ്ക്ക് 100000 രൂപയാണ് അടവ് തുക. മുനിസിപ്പാലിറ്റിയ്ക്ക് കീഴിൽ വരുന്ന പ്രദേശങ്ങളിൽ 75000 രൂപയും മറ്റ് പ്രദേശങ്ങളിൽ 50000 രൂപയുമാണ് നൽകേണ്ടത്. ദിവസടിസ്ഥാനത്തിലും ലൈസൻസ് ലഭ്യമാക്കും. മുനിസിപ്പൽ കോർപ്പറേഷന് കീഴിൽ ദിവസ അടവ് അടിസ്ഥാനത്തിൽ 11000 രൂപയും മുനിസിപ്പാലിറ്റിയ്ക്ക് കീഴിൽ 7500 രൂപയും മറ്റ് പ്രദേശങ്ങളിൽ 5000 രൂപയുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

വീടുകളിലും മറ്റും നടത്തുന്ന പാർട്ടികളിലും ചടങ്ങുകളിലും മദ്യം വിളമ്പുന്നതിനും സ്‌പെഷ്യൽ ലൈസൻസ് വേണ്ടിവരുമെന്നും സർക്കാർ പറഞ്ഞു. മുനിസിപ്പൽ കോർപ്പറേഷന് കീഴിൽ കഴിയുന്നവർ ലൈസൻസ് ലഭിക്കുന്നതിന് 11000 രൂപയാണ് നൽകേണ്ടത്. അതുപോലെ തന്നെ മുനിസിപ്പാലിറ്റി പ്രദേശത്ത് താമസിക്കുന്നവർ ലൈസൻസിനായി നൽകേണ്ടത് 7500 രൂപയാണ്. മറ്റ് പ്രദേശങ്ങളിലുള്ളവർക്ക് 5000 രൂപയും ലൈസൻസിനായി നൽകേണ്ടി വരുമെന്നും സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം സ്‌പെഷ്യൽ ലൈസൻസ് ലഭിക്കുന്നതിന് കോർപ്പറേഷനുകളിലാണെങ്കിൽ പോലീസ് കമ്മീഷണറുടെയും ജില്ലകളിലാണെങ്കിൽ പോലീസ് സൂപ്രണ്ടിന്റെയും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും സർക്കാർ ഉത്തരവിൽ പറഞ്ഞു.

പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഒരാഴ്ച മുമ്പ് പ്രത്യേക ലൈസൻസിനുള്ള അപേക്ഷ ഓൺലൈൻ ആയി നൽകേണ്ടതാണ്. ബോട്ടിലുകളിലോ പെഗ്ഗുകളായോ മദ്യം വിളമ്പാൻ അനുവദിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here