ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയിലേക്കെന്ന് റിപ്പോര്‍ട്ട്.

0
57

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ചെന്നൈ ചെപ്പോക്കിൽ നിന്നുള്ള എംഎല്‍എയും നടനും നിർമാതാവുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയിലേക്കെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി അണികൾക്കിടയിൽ ‘ചിന്നവര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ഉദയനിധി ബുധനാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. മറ്റു ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകുമെന്നും സൂചനയുണ്ട്. ഉദയനിധിക്കായി പുതിയ ഓഫീസ് ഒരുങ്ങുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഇതു സംബന്ധിച്ച അഭ്യൂഹം ശക്തമായത്.

കരുണാനിധിയുടെ മണ്ഡലത്തിൽ നിന്നു തന്നെയാണ് ഉദയനിധിയും ഇത്തവണ വിജയിച്ചത്. കരുണാനിധിയുടെ മരണശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ സുരക്ഷിതമായ മണ്ഡലത്തിൽ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് ഉദയനിധിയെ വോട്ടർമാര്‍ നിയമസഭയിലേക്കയച്ചത്. ഡിഎംകെ മന്ത്രിമാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ അദ്ദേഹത്തിന് മന്ത്രിസ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്നു മുതല്‍ തന്നെ ഉദയനിധി എപ്പോഴാകും മന്ത്രിസഭയിലെത്തുക എന്ന ചോദ്യം ശക്തമായിരുന്നു.

പൊതുജന ക്ഷേമകാര്യ വകുപ്പോ, കായിക, യുവജനകാര്യ വകുപ്പോ ഉദയനിധിക്കു ലഭിക്കുമെന്നാണു പുറത്തുവരുന്ന വിവരം. സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്ന വകുപ്പാണു പൊതുജന ക്ഷേമകാര്യ വകുപ്പ്. നിലവില്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്. സര്‍ക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതികളെല്ലാം ഈ വകുപ്പിനു കീഴിലാണ്. ഈ വകുപ്പല്ലെങ്കില്‍ യുവജനകാര്യ, കായിക വകുപ്പോ ഉദയനിധിയെ കാത്തിരിക്കുന്നുവെന്നാണ് പാർട്ടിയുടെ അടുത്തവൃത്തങ്ങൾ നല്‍കുന്ന വിവരം.

മന്ത്രി കെ.ആര്‍. പെരിയകറുപ്പന്‍ കൈകാര്യം ചെയ്യുന്ന ഗ്രാമീണ വികസനം ഒരുപക്ഷേ ചിന്നവരെ തേടിയെത്തിയേക്കാമെന്നും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ മന്ത്രിസഭയില്‍ ചെറിയ അഴിച്ചുപണിയുണ്ടാകും. ചിലരുടെ വകുപ്പുകള്‍ മാറും. പക്ഷേ നിലവിലെ മന്ത്രിമാരില്‍ ആരെയും മാറ്റില്ലെന്നാണു സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here