ബിജെപി-സിപിഎം ധാരണയുണ്ടെന്ന് ഞാൻ പറയില്ല”: എകെ ആന്റണി

0
55

കേരളത്തിലൊഴികെ മറ്റെല്ലായിടത്തും സിപിഎമ്മിന്റെ സംസ്ഥാന ഘടകങ്ങൾ കോൺഗ്രസ്സുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ആന്റണി ചൂണ്ടിക്കാട്ടി. ഇക്കാരണത്താൽ തന്നെ രാഹുൽ ഗാന്ധിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനകൾക്ക് വലിയ പ്രാധാന്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ഇടത് വിരുദ്ധരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകോപിപ്പിച്ചതു കൊണ്ടാണ് രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രസ്താവന നടത്തിയതെന്ന് ആന്റണി പറഞ്ഞു. ഇത്രയും നാൾ അദ്ദേഹം ഇങ്ങനെയൊന്നും പറഞ്ഞിരുന്നില്ലല്ലോയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തമിഴ്നാട്ടിൽ എംകെ സ്റ്റാലിൻ അതിശക്തമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിക്കുന്നുണ്ടെന്നും സമാനമായ സമീപനം കേരളത്തിലെ മുഖ്യമന്ത്രി കാണിക്കുന്നില്ലെന്നും ആന്റണി ആരോപിച്ചു. ബിജെപിയെയല്ല കോൺഗ്രസ്സിനെയാണ് മുഖ്യമന്ത്രി ആക്രമിച്ചു കൊണ്ടിരിക്കുന്നത്.

ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന് താൻ പറയില്ലെങ്കിലും കോൺഗ്രസ്സിന്റെ സീറ്റുകളുടെ എണ്ണം കുറയ്ക്കാൻ അണിയറയിൽ പ്രവർത്തനം നടക്കുന്നുണ്ടെന്ന് ആന്റണി പറഞ്ഞു.അതെസമയം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസവും കോൺഗ്രസ്സിനെതിരായ ആരോപണങ്ങൾ തുടർന്നു.

പൗരത്വം മതാടിസ്ഥാനത്തിലാക്കിയപ്പോൾ കോൺഗ്രസ് പ്രതിഷേധിക്കാൻ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹിയിൽ വലിയ സമരങ്ങൾ സിഎഎക്കെതിരെ നടന്നപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരു കോൺഗ്രസ് നേതാവു പോലും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാം കഴിഞ്ഞതിനു ശേഷം കേരളത്തിലെ കെപിസിസി പ്രസിഡണ്ട് പരസ്യമായി രംഗത്ത് വന്ന് കേന്ദ്രം പാസാക്കിയ ഒരു നിയമം ഇവിടെ നിയമസഭ ഒരു പ്രമേയം പാസാക്കിയത് കൊണ്ട് നടപ്പാവാതിരിക്കുമോ എന്നാണ് ചോദിച്ചതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

താൻ പറയുന്നത് തെറ്റാണെങ്കിൽ കേരള പര്യടനത്തിലുള്ള രാഹുൽഗാന്ധിക്ക് അത് നിഷേധിക്കാമല്ലോ. ഈ പറയുന്നത് വസ്തുതയല്ല എന്ന് പറയാമല്ലോ. എന്തുകൊണ്ടാണ് അദ്ദേഹത്തിന് അത് പറയാൻ പറ്റാത്തതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here