കോട്ടയം: പെട്രോളടിച്ചതിനുശേഷം ഗൂഗിൾപേ വഴി പണം അയച്ചപ്പോൾ ശബ്ദ സന്ദേശം ലഭിച്ചില്ലെന്ന് ആരോപിച്ച് പെട്രോൾ പമ്പ് ജീവനക്കാരന് ക്രൂരമർദനം. തലയോലപ്പറമ്പ് ഇല്ലി തൊണ്ടിന് സമീപമുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ കല്ലോലിക്കല്‍ ഫ്യൂവല്‍സിലെ ജീവനക്കാരനാണ് മര്‍ദനമേറ്റത്.
ഇന്ധനം നിറയ്ക്കാനെത്തിയ വടകര സ്വദേശികളായ അജയ് സജി, അക്ഷയ് എന്നീ യുവാക്കളാണ് ജീവനക്കാരനെ മര്‍ദിച്ചത്. പമ്പ് ജീവനക്കാരന്‍ അപ്പച്ചനാണ് മര്‍ദ്ദനമേറ്റത്. ഗൂഗിള്‍ പേയില്‍ നിന്നും ശബ്ദ സന്ദേശ ലഭിച്ചില്ലെന്നാരോപിച്ചാണ് അക്രമം. യുവാക്കളെ പിടിച്ചു മാറ്റാന്‍ ചെന്നവര്‍ക്കുനേരെയും ആക്രമണമുണ്ടായി.
വിഷുദിനത്തില്‍ അർധരാത്രിയിലാണ് സംഭവം. പിന്നീട് യുവാക്കളോട് വിഷയം ചോദിക്കാന്‍ ചെന്ന വി പി ഷാ എന്നയാള്‍ക്ക് തലയോലപ്പറമ്പ് ടൗണില്‍ വച്ച് കുത്തേറ്റു. ഇയാളുടെ മുതുകിലാണ് കുത്തേറ്റത്. സ്‌ക്രൂഡ്രൈവര്‍ പോലുള്ള വസ്തു കൊണ്ടുള്ള കുത്തേറ്റ ഇയാളുടെ മുറിവില്‍ എട്ടോളം തുന്നലിട്ടിട്ടുണ്ട്. സംഭവത്തില്‍ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു. യുവാക്കള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.