ദില്ലി: പാർട്ടി അച്ചടക്ക നടപടിക്ക് വിധേയനായ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍എസ് നുസൂറിന് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലും വിലക്ക്. യാത്രയില്‍ സജീവമാകുന്നതിനിടെ ഇന്ന് രാവിലെയോടെയാണ് പദയാത്രയുടെ വിശ്രമസ്ഥലത്ത് വച്ച് പാർട്ടിയുടെ അച്ചടക്കസമിതിയുടെ ചെയർമാൻ ബഹുമാന്യനായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദേശനുസരണം കെ പി സി സി ജനറൽ സെക്രട്ടറി പി എം നിയാസ് സമിതിയുടെ തീരുമാനം തന്നെ അറിയിക്കുകയായിരുന്നുവെന്നാണ് എന്‍എസ് നുസൂർ വ്യക്തമാക്കുന്നത്.
ഇത് സംബന്ധിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
പ്രിയ സ്നേഹിതരെ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് താത്കാലികമായി അച്ചടക്കനടപടി നേരിട്ടിരുന്ന കാര്യം നിങ്ങൾക്ക് അറിവുള്ളതാണല്ലോ?. എന്നാലും മുൻപ് അൺ ഓർഗനൈസ്ഡ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്ന എന്നെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കഴിഞ്ഞ കുറച്ചു ദിവസം മുൻപ് നിയോഗിച്ചിരുന്നു.
ബഹുമാന്യ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി അതിൽ അണിചേരാനും അതിന്റെ പ്രവർത്തനങ്ങൾക്കുമായി കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഇന്നും ഞാനുണ്ടായിരുന്നു. പല ജില്ലകളിലും സജീവമായി ഉണ്ടാകുമെന്നും അവിടെ വച്ച് കണ്ടുമുട്ടാമെന്നും എന്നെ വിളിച്ച സുഹൃത്തുക്കളോട് ഞാൻ അറിയിച്ചിരുന്നതാണ്.
എന്നാൽ ഇന്ന് രാവിലത്തെ പദയാത്രയുടെ വിശ്രമസ്ഥലത്ത് വച്ച് പാർട്ടിയുടെ അച്ചടക്കസമിതിയുടെ ചെയർമാൻ ബഹുമാന്യനായ തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളുടെ നിർദേശനുസരണം കെപിസിസി ജനറൽ സെക്രട്ടറി ശ്രീ. പി എം നിയാസ് സമിതിയുടെ തീരുമാനം എന്നോട് പങ്കു വച്ചിട്ടുണ്ട്. ആയതിനാൽ തുടർന്നുള്ള പദയാത്രയിൽ പങ്കെടുക്കുവാൻ സാധിക്കില്ല എന്ന കാര്യം അറിയിക്കുകയാണ്. പാർട്ടി തീരുമാനം ശിരസ്സാവഹിക്കുന്നതോടൊപ്പം യാത്രികർക്ക് എല്ലാവിധ ആശംസകളും രാഹുൽജിയ്ക്ക് വിജയാശംസകളും നേരുന്നു…