പാലക്കാട്: പാലക്കാട് ജില്ലയിൽ തെരുവ് നായ്ക്കളുടെ വിളയാട്ടം. ഇന്ന് രാവിലെ മുതൽ ഉച്ചവരെ 26 പേർക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്. കടിയേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
മേപ്പറമ്പിൽ രാവിലെ എട്ട് വയസുകാരിക്ക് നായയുടെ കടിയേറ്റിരുന്നു. മദ്രസയിലേക്ക് പോകും വഴിയാണ് കുട്ടിയെ നായ ആക്രമിച്ചത്. കുട്ടിയെ നായയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച നാട്ടുകാരനെയും നായ കടിച്ചിരുന്നു. ഇരുവരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. നെന്മാറയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിക്കും കടിയേറ്റു.
അതേസമയം അട്ടപ്പാടിയിൽ കഴിഞ്ഞ ദിവസം മൂന്ന് വയസുകാരനെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ചത്ത നായയുടെ സാമ്പിള്‍ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.
തിരുവോണ ദിവസമായിരുന്നു ഷോളയൂരിലെ ആകാശ് എന്ന മൂന്ന് വയസുകാരനെ നായ കടിച്ചത്. അമ്മയ്‌ക്കൊപ്പം മുറ്റത്തു നില്‍ക്കുമ്പോള്‍ നായ ഓടിയെത്തി കുട്ടിയെ ദേഹത്തു കയറുകയും മുഖത്തു കടിക്കുകയുമായിരുന്നു. ഒരാഴ്ചക്കിടെ പാലക്കാട് ജില്ലയില്‍ ആറിടങ്ങളിലാണ് തെരുവു നായയുടെ ആക്രമണമുണ്ടായത്
അതേസമയം തെരുവ് നായ പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നടപടികളുമായി മുന്നോട്ട് പോകുകയാണ് സർക്കാർ. തെരുവ് നായകൾ കൂടുതലുളള പ്രദേശങ്ങൾ , ആക്രമണം സ്ഥിരമായ മേഖലകൾ എന്നിവ കണ്ടെത്തി ഹോട്ട്സ്പോട്ടുകൾ തയാറാക്കാൻ കർമ പദ്ധതിക്ക് രൂപം നൽകിയതായി സർക്കാർ അറിയിച്ചു. ഓരോ ഹോട്ട്സ്പോട്ടിലും തെരുവുനായ് ശല്യത്തിന് കാരണം തിരിച്ചറിഞ്ഞ് അതിന് തക്കതായ പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം.
സംസ്ഥാനത്തെ എല്ലാ ബ്ലോക്കിലും പട്ടികൾക്കായി എബിസി (അനിമൽ ബെർത്ത് കൺട്രോൾ) സ്റ്റെറിലൈസേഷൻ കേന്ദ്രങ്ങൾ ആരംഭിക്കും. അൻപത് ദിവസത്തിനകം ഇവ തയ്യാറാക്കാൻവേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി എംബി രാജേഷ് അറിയിച്ചിരുന്നു.