ജബൽ അലിയിൽ നിർമാണം പൂർത്തിയായ ഹിന്ദു ക്ഷേത്രത്തിൽ ഈ മാസം ആദ്യം മുതൽ ആരംഭിച്ച ഓൺലൈൻ ബുക്കിങ് അനുസരിച്ചാണ് സന്ദർശകർക്ക് പ്രവേശിക്കുന്നതിന് അനുവാദം ഉള്ളത്. ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബർ നാലിനാണ് നിശ്ചയിച്ചിരിക്കുന്നത്. വിവിധ ചർച്ചുകളും ഗുരു നാനാക് ദർബാർ ഗുരുദ്വാരയും ഉൾക്കൊള്ളുന്ന ജബൽ അലിയിലെ ‘ആരാധന ഗ്രാമം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒമ്പത് ദിവസം പ്രത്യേക പ്രാർഥനകൾ നടത്തിയ ശേഷമാണ് ഇവിടെ പ്രതിഷ്ഠാ കർമം പൂർത്തിയായത്. ആഗസ്റ്റ് അവസാനത്തോടെ സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബും സ്ഥാപിച്ചിട്ടുണ്ട്. ത്രീഡി പ്രിന്‍റ് ചെയ്ത വലിയ താമര ചിത്രമുള്ള പ്രധാന പ്രാർഥനാ ഹാളിലാണ് ഭൂരിഭാഗം പ്രതിഷ്ഠകളും സ്ഥാപിച്ചിരിക്കുന്നത്. എല്ലാവർക്കും പ്രവേശനം അനുവദിക്കുന്ന ക്ഷേത്രത്തിൽ 16 ആരാധനാ മൂർത്തികളുടെ പ്രതിഷ്ഠകളാണുള്ളത്. സന്ദർശനത്തിന് ക്ഷേത്രത്തിന്‍റെ വെബ്സൈറ്റ് വഴിയാണ് നിലവിൽ ബുക്ക് ചെയ്യേണ്ടത്.