പോര്‍ട്ട് ഓഫ് സ്പെയിന്‍: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് പോര്‍ട്ട് ഓഫ് സ്പെയിനിലെ ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ തുടക്കമാകും. ആദ്യ ടെസ്റ്റിലെ ആധികാരിക ജയത്തിന്‍റെ ആത്മവിശ്വാസവുമായി ഇറങ്ങുന്ന ഇന്ത്യ പരമ്പര തൂത്തുവാരാന്‍ ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഡൊമനിക്കയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സിനും 141 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം.
രണ്ടാം ടെസ്റ്റിനിറങ്ങുമ്പോള്‍ ഇന്ത്യക്ക് ആശങ്കകളേറെയില്ല. ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവതാരം യശസ്വി ജയ്‌സ്വാളും തിളങ്ങിയതും വിരാട് കോലി ഫോമിലായതും ഇന്ത്യക്ക് ആശ്വാസമാണ്. ശുഭ്മാന്‍ ഗില്ലും അജിങ്ക്യാ രഹാനെയും നിരാശപ്പെടുത്തിയത് മാത്രമാണ് ഇന്ത്യക്ക് ആദ്യ ടെസ്റ്റിലെ നിരാശ. ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ രഹാനെക്ക് ഈ ടെസ്റ്റില്‍ മികവ് കാട്ടേണ്ടതുണ്ട്. ഗില്ലിനാകട്ടെ ചേതേശ്വര്‍ പൂജാരയുടെ മൂന്നാം നമ്പറില്‍ സ്ഥാനം ഉറപ്പിക്കാന്‍ മികച്ച പ്രകടനം അനിവാര്യമാണ്.
യശസ്വി ജയ്‌സ്വാളിന്‍റെ മിന്നും ഫോമിലാണ് ഇന്ത്യ ഇന്ന് ഉറ്റുനോക്കുന്നത്. സെഞ്ചുറിയുമായി ടെസ്റ്റ് കരിയറിന് തുടക്കമിട്ട യശസ്വിക്ക് ഇന്നും തിളങ്ങാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ബൗളിംഗിലും ഇന്ത്യക്ക് കാര്യമായ തലവേദനകളില്ല. അശ്വിനും ജഡേജയും നയിക്കുന്ന സ്പിന്‍ ദ്വയത്തില്‍ മാറ്റമുണ്ടാകില്ല. പേസര്‍മാരായി ജയദേവ് ഉനദ്ഘട്ടും മുഹമ്മദ് സിറാജും ശാര്‍ദ്ദുല്‍ താക്കൂറും തുടര്‍ന്നേക്കും.
മറുവശത്ത് ഇന്ത്യക്കെതിരെ പോരാട്ടം പോലും കാഴ്ചവെക്കാനാകാതെ കീഴടങ്ങിയതിന്‍റെ നിരാശയിലാണ് വിന്‍ഡീസ്. ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റിന്‍റെ മങ്ങിയ ഫോമും മറ്റ് ബാറ്റര്‍മാര്‍ അവസരത്തിനൊത്ത് ഉയരാത്തതും അവര്‍ക്ക് തിരിച്ചടിയാകുന്നു. ഡൊമനിക്കയില്‍ നിന്ന് വ്യത്യസ്തമായി പോര്‍ട്ട് ഓഫ് സ്പെയിനില്‍ പേസര്‍മാര്‍ക്ക് ആധിപത്യമുണ്ടാകുമെന്നാണ് കരുതുന്നത്. ഇടവിട്ട് പെയ്യുന്ന മഴയും മത്സരത്തെ ബാധിച്ചേക്കാം. ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള നൂറാം ടെസ്റ്റും വിരാട് കോലിയുടെ അഞ്ഞൂറാമത്തെ അന്താരാഷ്ട്ര മത്സരവുമാണിന്ന്.