മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയൻ സെൽവൻ ആദ്യ ഭാഗത്തിലെ പുതിയ ഗാനം പുറത്ത് വിട്ടു. എആർ റഹ്മാൻ സംഗീതം നൽകിയ ചോള ചോള എന്ന ഗാനം ബെന്നി ഡയാൽ ജിതിൻ രാജ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അനന്ത ശ്രീരാമിന്റെയാണി വരികൾ. വിക്രം അവതരിപ്പിക്കുന്ന ആദിത്യ കരികാലന്റെ യുദ്ധവീരസാഹസങ്ങളെ വർണ്ണിക്കുന്ന ഗാനമാണിത്.
ചിത്രത്തിലെ പൊന്നി നദി എന്ന ഗാനം നേരത്തെ തന്നെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. അടുത്തകാലത്ത് പുറത്തിറങ്ങിയ എ ആർ റഹ്മാന്റെ മികച്ച സംഗീതങ്ങളിൽ ഒന്നായാണ് പൊന്നി നദിയെ ആരാധകർ ഏറ്റെടുത്തത്.രണ്ട് ഭാഗങ്ങളിലായിട്ടാണ് പൊന്നിയൻ സെൽവൻ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം ഈ വർഷം സെപ്റ്റംബർ 30ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രത്തിൻറെ രണ്ട് ഭാഗങ്ങളുടെയും ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയതായി ആണ് സൂചന. 125 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം വീഡിയോ ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത്.