നെല്ലുവില കിട്ടാത്തതിനെത്തുടര്‍ന്ന് കുട്ടനാട്ടിലെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്ത്.

0
62

കുട്ടനാട്: മൂന്നുമാസമായി നെല്ലുവില കിട്ടാത്തതിനെത്തുടര്‍ന്ന് കുട്ടനാട്ടിലെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്ത്.സെക്രട്ടേറിയറ്റ് നടയില്‍ സമരപരിപാടികള്‍ ആവിഷ്കരിക്കാന്‍ കര്‍ഷക സംഘടനകള്‍ പദ്ധതിയിടുന്നുണ്ട്.

ചില സംഘടനകള്‍ സമരംപ്രഖ്യാപിക്കുകയും ചെയ്തു. പ്രാദേശികമായി പാഡി ഓഫിസ് മാര്‍ച്ച്‌ അടക്കം സമരമുറകള്‍ കര്‍ഷകര്‍ അവലംബിച്ചിട്ടും ഫലമില്ലാത്തതിനെ തുടര്‍ന്നാണ് സമരം തലസ്ഥാനത്തേക്കു വ്യാപിപ്പിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.

നെല്ലെടുത്തവകയില്‍ 280 കോടിയാണ് ജില്ലയിലെ കര്‍ഷകര്‍ക്കു കിട്ടാനുള്ളത്.സംഭരിച്ച നെല്ലിന്റെ പണം കര്‍ഷകര്‍ക്കു നല്‍കാന്‍ 700 കോടി കടമെടുക്കാന്‍ സപ്ലൈകോക്ക് അനുമതി ലഭിച്ചിരുന്നു. ബാങ്കുകളുടെ കണ്‍സോര്‍ട്യത്തില്‍നിന്ന് പണം കടമെടുക്കാന്‍ ധനവകുപ്പാണ് അനുമതി നല്‍കിയത്. ഇതുവരെ പണം കര്‍ഷകരുടെ കൈകളിലെത്തിയിട്ടില്ല.

സപ്ലൈകോ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നുമില്ല. അതിനിടെ രണ്ടാംകൃഷിക്ക് ഒരുങ്ങുന്ന പാടങ്ങള്‍ക്കു ഭീഷണിയായി മടവീഴ്ചയും തുടങ്ങി. ദുര്‍ബലമായ പുറംബണ്ടുകള്‍ മടവീഴ്ചക്ക് ആക്കം കൂട്ടുമെന്ന ഭീതിയിലാണ് കര്‍ഷകര്‍. ഇതോടെയാണ് തലസ്ഥാനത്ത് സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായിരിക്കുന്നത്.

നെല്ലുവില അടിയന്തരമായി നല്‍കിയില്ലെങ്കില്‍ സമരം കലക്ടറേറ്റിന് മുന്നിലേക്കും സെക്രട്ടേറിയറ്റ് പടിക്കലേക്കും വ്യാപിപ്പിക്കുമെന്ന് കര്‍ഷക രക്ഷാസമിതി പറഞ്ഞു. പൂര്‍ണമായി ലഭിച്ച കേന്ദ്ര വിഹിതം പോലും വകമാറ്റിച്ചെലവഴിച്ച സംസ്ഥാന സര്‍ക്കാര്‍ 1.72 രൂപ വെട്ടിക്കുറച്ചാണു വില നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here